തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ജില്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കും. ജലീല്‍ മന്ത്രി സ്ഥാനം രാജിവക്കും വരെ പ്രതിഷേധം ശക്തമാക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.
കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും കോട്ടയത്തും പാലക്കാട്ടും ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ രാത്രി വൈകിയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധങ്ങള്‍ക്ക് നേരെ പോലീസ് ലാത്തി വീശിയത് പല സ്ഥലങ്ങളിലും സംഘര്‍ഷത്തിലാണ് കലാശിച്ചത്.
ഇന്നലെ രാവിലെ കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് എന്‍ഫോഴ്സ്മെന്റ് മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തത്. രാവിലെ ഒന്‍പത് മണിമുതല്‍ 11 മണിവരെയായിരുന്നു ചോദ്യം ചെയ്യല്‍. പ്രാഥമികമായ ചോദ്യം ചെയ്യലാണ് നിലവില്‍ നടന്നതെന്നാണ് വിവരം. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതായി എന്‍ഫോഴ്സ്മെന്റ് മേധാവിയും അറിയിച്ചു.
Post Your Comments