തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള
പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ബിവറേജസ് കോര്‍പ്പറേഷന്‍. ബെവ്ക്യു ആപ്പ് വഴി നൽകുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകൾക്കും ഔട്ട്‌ലെറ്റുകൾക്കും മദ്യം നൽകിയാൽ മതിയെന്നാണ് സർക്കുലറിലെ നിർദേശം.
ടോക്കൺ ഇല്ലാത്തവർക്കും മദ്യം നൽകി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സർക്കുലർ. സംസ്ഥാനത്ത് ഇനി മുതൽ മദ്യ വിൽപ്പനശാലകൾക്കും ബാറുകൾക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മദ്യം വിതരണം ചെയ്യണമെന്നാണ് സർക്കുലറിൽ പറയുന്നത്. ഇത് നടപ്പാക്കാനായി വെയർഹൗസ് മാനേജർമാർക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.
ഓഗസ്റ്റ് ഒന്നു മുതൽ ഒമ്പതു വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടോക്കണുകളും മദ്യവിൽപ്പനയും തമ്മിൽ വലിയ അന്തരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം.മദ്യക്കമ്പനികൾ വിതരണം കുറച്ചതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാനാണ് ഈ നിയന്ത്രണമെന്നാണ് സൂചന. വില ഉയർത്തി നൽകണമെന്ന കമ്പനികളുടെ ആവശ്യം പരിഗണിക്കാതായതോടെയാണ് സംസ്ഥാനത്തേക്കുള്ള മദ്യവിതരണത്തിന്റെ ഏതാണ്ട് 70 ശതമാനത്തോളം കുറച്ചത്.ജനുവരിയിൽ നടക്കേണ്ട ടെൻഡർ നടപടികൾ ജൂലായിലാണ് നടന്നത്. വൻതുക ഫീസ് കെട്ടിവച്ച് കമ്പനികൾ ടെൻഡറിൽ പങ്കെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇതോടെ പുതിയ കമ്പനികൾക്ക് മദ്യവിതരണത്തിനുള്ള അവസരവും ഇല്ലാതാവുകയായിരുന്നു.
അതേസമയം പുതിയ ഉത്തരവ് മദ്യവിൽപ്പനയെ സാരമായി ബാധിക്കുമെന്ന ആക്ഷേപമുണ്ട്. ടോക്കണിന് ആനുപാതികമായി മദ്യം എടുത്താൽ വിൽപ്പനാശാലയിലെ സ്‌റ്റോക്ക് കുറയും. മാത്രമല്ല ചുരുക്കം ബ്രാൻഡുകൾ മാത്രമാണ് ഔട്ട്‌ലെറ്റുകളിലെത്തുക.
Post Your Comments