Latest NewsKerala

മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും തലപ്പാവണിയിച്ച് സ്വീകരണം: നവകേരള സദസിന് കാസർഗോഡ് തുടക്കമായി, ആദ്യ പരാതി മദ്യപരുടേത്

കാസർഗോഡ് : നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന് കാസർഗോഡ് തുടക്കമായി. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിലാണ് ജനസദസിന്‍റെ ഉദ്ഘാടനം. കാസർകോട് ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസിലാണ് ഉദ്ഘാടന വേദിയിലെത്തിയത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചാണ് വേദിയില്‍ സ്വീകരിച്ചത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നയിച്ച നവകേരളമാര്‍ച്ചായിരുന്നു നവകേരള നിര്‍മ്മിതി എന്ന ആശയത്തിന്റെ തുടക്കം. ജാഥ കടന്നു പോയ എല്ലാ ഇടങ്ങളിലും പൗരപ്രമുഖര്‍, വിദഗ്ദ്ധര്‍ എന്നിവരുമായി അന്ന് ജാഥാ നായകന്‍ കൂടിക്കാഴ്ച നടത്തി. അതേസമയം, ‘നവകേരള സദസ്സി’ലേക്ക് എത്തിയ ആദ്യ പരാതി ബീവറേജ് കോർപ്പറേഷനെതിരെ ആണെന്നാണ് പുറത്തു വരുന്ന വാർത്ത. ബവ്കോയിലൂടെ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നുവെന്ന് ആരോപിച്ച് കാസർഗോഡ് സ്വദേശി വിശ്വംബരൻ കരിച്ചേരിയാണ് പരാതി നൽകിയത്.

ഗോവൻ മദ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ ബെവ്‌കോ വിൽക്കുന്ന മദ്യം ലഹരിയുള്ളതല്ലെന്നും എന്നാൽ കേരളത്തിൽ മദ്യം കൂടിയ വിലയ്ക്കാണ് വിൽക്കുന്നതെന്നും വിശ്വംബരൻ പരാതിയിൽ പറയുന്നു. ‘പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിന് കിക്ക് കിട്ടുന്നില്ല. ഗോവ സാധനം ക്വാർട്ടർ കിട്ടുന്നില്ല, മത്തുമില്ല. ദിവസം 400 രൂപ കൊടുത്ത് കുടിക്കാൻ പറ്റുന്നില്ല. ഇപ്പോൾ എന്തെങ്കിലും ചെയ്യണം.’’- സ്വന്തം കൈപ്പടിയിൽ എഴുതിയ അഞ്ചുവരി കത്തിൽ വിശ്വംബരൻ പറയുന്നു.

കാസർകോട് ടൗൺ ഭണ്ഡാരി റോഡിലുള്ള ബവ്‌കോ ഔട്ട്‌ലെറ്റിലെ സ്റ്റോർ ഇൻചാർജ് ശ്രീകുമാറിനാണ് വിശ്വംബരൻ നിവേദനം നൽകിയത്. വകുപ്പ് ഉന്നതർക്ക് നിവേദനം കൈമാറാമെന്ന് ഉറപ്പു കിട്ടിയതായി വിശ്വംബരൻ പറഞ്ഞു. താൻ നവകേരള സദസ്സ് നടക്കുന്ന വേദിയിലേക്കു പോകുന്നില്ലെന്നും അതിനാലാണ് തനിക്ക് പരിചയമുള്ള ബവ്‌കോ ഔട്ട്‌ലെറ്റിൽ പരാതി നൽകിയതെന്നും വിശ്വംബരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button