“തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായ്”… എന്നു തുടങ്ങുന്ന കൃഷ്ണഭക്തിഗാനം നാടാകെ മുരളീഗാനം പോലെ പരക്കുമ്പോൾ കാൽനൂറ്റാണ്ടു മുൻപ് ആ വരികൾ കുറിച്ചിട്ട പ്രതിഭ വരികൾക്കുള്ളിൽ ഒളിച്ച ഈണം പോലെ ഇവിടെയുണ്ട്.. കരുനാഗപ്പള്ളിയിൽ.
തൊടിയൂർ ഇടക്കുളങ്ങര കല്ലേലിഭാഗം പട്ടശ്ശേരിൽ എ.സഹദേവൻ (82) എന്ന മരംകയറ്റ തൊഴിലാളി, പണ്ടെഴുതിയ പാട്ട് ഭക്തിഗാനമേളകളിലും ഭക്തിഗാന കാസെറ്റുകളിലും ഏറെ ഹിറ്റായി മാറിയെങ്കിലും അതിന്റെ യഥാർഥ രചയിതാവ് ആരെന്നു നിശ്ചയമുണ്ടായിരുന്നില്ല.
തന്റെ വരികൾ പിന്നീട് കാലാനുസൃതമായി മാറ്റിയെഴുതി ഹിറ്റാക്കിയതിൽ സന്തോഷം മാത്രമേ സഹദേവനുള്ളൂ. പഴകി ദ്രവിച്ചു തുടങ്ങിയ ഡയറിത്താളുകളിൽ ആ വരികളുടെ താളം കേൾക്കാം. വീടിനു സമീപത്തെ ആശ്രമത്തിലെ വിദ്യാധരൻ സ്വാമിക്കു ഭജനയ്ക്കായി 25 വർഷം മുൻപ് താൻ എഴുതിക്കൊടുത്തതാണു ‘തുളസിക്കതിർ നുള്ളിയെടുത്തു’ എന്ന തുടങ്ങുന്ന പാട്ട് എന്നു സഹദേവൻ പറയുന്നു. തൃക്കൊടിത്താനം സച്ചിദാനന്ദൻ ഉൾപ്പെടെയുള്ള സംഗീതപ്രതിഭകൾ അതു വേദികളിൽ പാടിപ്പാടി ശ്രോതാക്കളുടെ മനസ്സുകളിൽ ഇടം പിടിച്ചു.
‘തുളസിക്കതിർ നുള്ളിയെടുത്തു’ എന്നതിനു പകരം ‘പിച്ചിപ്പൂ നുള്ളിയെടുത്തു’ എന്നാണു സഹദേവൻ എഴുതിയിരുന്നത്. ചില ഭാഗങ്ങൾ പുതിയതിൽ ഒഴിവാക്കുകയും ചെയ്തു. അടുത്തിടെ, സഹദേവന്റെ സമീപവാസിയായ ഹന്ന ഫാത്തിമ എന്ന കുട്ടി ഈ പാട്ടു പാടി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതു വൈറലോടെയാണു തന്റെ പാട്ട് ജനമനസ്സുകളിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന കഥ സഹദേവൻ അറിയുന്നത്.
ഇതുൾപ്പെടെ അറുപത്തഞ്ചോളം കൃഷ്ണ സ്തുതികളും ദേവി സ്തുതികളും ശിവ സ്തുതികളും കവിതകളും എഴുതി സൂക്ഷിച്ചിരിക്കുന്ന ഡയറി മാത്രമാണു സഹദേവന്റെ കൈമുതൽ. ഇതൊക്കെ എഴുതിയെങ്കിലും പ്രസിദ്ധപ്പെടുത്താനും മറ്റുള്ളവരുടെ മുന്നിലെത്തിക്കാനും സഹദേവൻ മിനക്കെട്ടില്ല. കല്ലേലിഭാഗം ജനത വായനശാലയുടെ പ്രവർത്തനത്തിലൂടെയാണു സഹദേവൻ എഴുത്തിന്റെ വഴിയിൽ ചുവടുവച്ചത്.
ആരു പാടി ഹിറ്റാക്കിയാലും ഇതിന്റെ എഴുത്തുകാരനെ കാണാൻ കഴിഞ്ഞതിൽ അതീവ സന്തോഷം ഉണ്ട്..അദ്ദേഹത്തിന്റെ ഭാവനാ ശൈലിയെ ഹൃദ്യമാക്കി തീർക്കുന്നതിൽ സരസ്വതി ദേവിയുടെ കൃപയും അനുഗ്രഹവും നിറഞ്ഞു നിൽക്കുന്നു.
Post Your Comments