ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള അഞ്ച് ഇന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി ഇന്ത്യയും ചൈനയും. ഇതോടെ ഇരുരാജ്യങ്ങളൂം സമാധാനതിൽ പോകുമെന്നാണ് സൂചന. അതിര്‍ത്തിയില്‍ നിലവിലുണ്ടായിരുന്ന എല്ലാ കരാറുകളും നിയമങ്ങളും പാലിക്കുക, സമാധാനം കാത്തുസൂക്ഷിക്കുക, സ്ഥിതിഗതികള്‍ വഷളാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നിവയെല്ലാം ഇതില്‍ പെടുന്നു.
കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മന്ത്രിമാരും നടത്തിയ വ്യക്തവും ക്രിയാത്മകവുമായ ചര്‍ച്ചയുടെ ഭാഗമായി അഞ്ച് ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചതായും, ഇരു കൂട്ടരും ഇത് അംഗീകരിച്ചതായും കുറിപ്പില്‍ പറയുന്നു.
അതിര്‍ത്തിയില്‍ നിലവിലുള്ള എല്ലാ കരാറുകളും നിയമങ്ങളും ഇരുപക്ഷവും പാലിക്കുമെന്നും, സമാധാനം ഉറപ്പാക്കുമെന്നും, സാഹചര്യങ്ങള്‍ വഷളാക്കുന്ന നടപടികള്‍ ഒഴിവാക്കുമെന്നും മന്ത്രിമാര്‍ സമ്മതിച്ചതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു. അതിര്‍ത്തിയിലെ നില ശാന്തമാണെങ്കില്‍ സമാധാനം നിലനില്‍ക്കുമെന്നും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതിര്‍ത്തി വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും ഇവര്‍ സമ്മതിച്ചിട്ടുണ്ട്.
അതിര്‍ത്തിയില്‍ നിലവിലെ അശാന്തമായ അന്തരീക്ഷം തുടരുന്നതില്‍ താത്പര്യമില്ലെന്ന് രണ്ട് വിദേശകാര്യ മന്ത്രിമാരും വ്യക്തമാക്കി. അതിനാല്‍ തന്നെ സൈനിക തലത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്നും, അതിര്‍ത്തിയില്‍ കൃത്യമായ അകലം പാലിച്ച് സംഘര്‍ഷ സാദ്ധ്യതകള്‍ ലഘൂകരിക്കണമെന്നും ഇരു കൂട്ടരും നിലപാട് എടുത്തതായാണ് വിവരം.
അതിര്‍ത്തിയിലുണ്ടാകുന്ന ചെറിയ ഭിന്നതകള്‍ വലിയ തര്‍ക്കങ്ങളാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇരു നേതാക്കളും സമ്മതിച്ചതായി പ്രസ്താവനയില്‍ പറയുന്നു. 2018ലും 19ലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും നടത്തിയ അനൗപചാരിക കൂടിക്കാഴ്ചകളില്‍ എടുത്ത തീരുമാനങ്ങളെ കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശമുണ്ടായി.
Post Your Comments