ന്യൂഡൽഹി: ചൈനയ്‌ക്കെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വിമർശനവുമായി സിപിഎം. അമേരിക്കയോടൊപ്പം ചേർന്ന് ചൈനയെ ഒറ്റപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും സിപിഎം വിമർശിച്ചു. ഔദ്യോഗിക മുഖപത്രമായ പിപ്പിൾസ് ഡേമോക്രസിയിലെ മുഖപ്രസംഗത്തിലാണ് സിപിഎമ്മിന്റെ ഇന്ത്യക്കെതിരായ പരാമർശം. ഇന്ത്യയെ വിമർശിച്ചും ചൈനയെ പിന്തുണച്ചും മുൻപും പീപ്പിൾസ് ഡെമോക്രസിയിലെ ലേഖനത്തിലൂടെ സിപിഎം രംഗത്തുവന്നിട്ടുണ്ട്.
ചൈനയുമായുള്ള വാണിജ്യ, വ്യവസായ ബന്ധം ദുർബലപ്പെടുത്തുന്നതിലൂടെ ഇന്ത്യക്ക് ഒന്നും നേടാനില്ലെന്നും ഇന്ത്യ, അമേരിക്കൻ സൈനിക ചേരിക്കൊപ്പം ചൈനയ്‌ക്കെതിരെ നിലകൊള്ളുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി.ഇന്ത്യ അമേരിക്കയുമായിചേർന്ന് ഇന്തോ- പസഫിക് മേഖലയിൽ സൈനിക സഖ്യം രൂപീകരിക്കുകയാണെന്നും ചൈനയെയാണ് ഇത് ലക്ഷ്യമിടുന്നതെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
ചൈനയുമായി ഇന്ത്യയ്‌ക്കുള്ളത് കേവലം അതിർത്തി പ്രശ്‌നമാണ്, അത് ചർച്ച ചെയ്ത് പരിഹരിക്കണം. ഇന്ത്യ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണെന്നും അത് മുന്നിൽ കണ്ടുകൊണ്ട് മേഖലയിലെ രാജ്യങ്ങളുമായി സമാധാനം പുലർത്തണമെന്നും ചൈനീസ് അധിനിവേശ ശ്രമങ്ങളെ നിസാരവത്കരിച്ചുകൊണ്ട് ലേഖനത്തിൽ പറയുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പീപ്പിൾസ് ഡെമോക്രസിയുടെ പബ്ലിഷർ. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് മുഖ്യപത്രാധിപർ.
Post Your Comments