രാജസ്ഥാനില്‍ മൂന്ന് എംഎല്‍എമാര്‍ക്കും 20 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടെ ജോലി ചെയ്യുന്ന 150 ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സാമ്പിളുകള്‍ ബുധനാഴ്ച കോവിഡ് -19 പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു. ഇവരില്‍ 20 പേര്‍ക്കാണ് രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (അഡ്മിനിസ്‌ട്രേഷന്‍) സൗരഭ് ശ്രീവാസ്തവ പറഞ്ഞു.
പൊലീസ് ആസ്ഥാനത്ത് പ്രതിദിനം 150 സാമ്പിളുകള്‍ എടുക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 300 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വത്തിനായി മൂന്ന് ദിവസത്തേക്ക് സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചിടുമെന്ന് ശ്രീവാസ്തവ പറഞ്ഞു.
അതേസമയം, സ്വായ് മാധോപൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഡാനിഷ് അബ്രാര്‍, രതന്‍ഗഡില്‍ നിന്നുള്ള ബിജെപി എംഎല്‍എ അഭിനേഷ് മഹര്‍ഷി, സഹാദ റായ്പൂരിലെ കോണ്‍ഗ്രസ് എംഎല്‍എ കൈലാഷ് ത്രിവേദി എന്നിവര്‍ക്കും കോവിഡ് പോസിറ്റീവ് പരീക്ഷിച്ചു. മൂന്ന് നിയമസഭാംഗങ്ങള്‍ക്കും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആശംസിച്ചു. സംസ്ഥാനത്തെ എട്ട് എംഎല്‍എമാര്‍ക്ക് നേരത്തെ കോവിഡുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ആരോഗ്യവകുപ്പ് ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 98,116 ഉം മരണസംഖ്യ 1,199 ഉം ആണ്.
Post Your Comments