പത്തനംതിട്ട : ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ച കേസില്‍ നിര്‍ണായകമായത് യുവതിയുടെ ബുദ്ധി. യുവതിയെ പീഡിപ്പിച്ച ശേഷം ഡ്രൈവറായ കായംകുളം സ്വദേശി നൗഫല്‍ ക്ഷമാപണം നടത്തുന്നത് യുവതി മൊബൈലില്‍ പകര്‍ത്തിയതാണ് നിര്‍ണായക തെളിവായതെന്ന് എസ്പി കെ.ജി.സൈമണ്‍. പീഡനത്തിന് ശേഷം ചെയ്തതു തെറ്റായി പോയെന്നും ആരോടും പറയരുതെന്നും പ്രതി പെണ്‍കുട്ടിയോട് അഭ്യര്‍ത്ഥിക്കുന്നതാണ് റെക്കോര്‍ഡ് ചെയ്തതില്‍ ഉള്ളത്. അറസ്റ്റിലായ നൗഫല്‍ കൊലക്കേസ് പ്രതിയാണ്.
യുവതിയുടെ വീട്ടുകാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം അടൂരിലുള്ള ബന്ധുവീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. ഇവിടെ വച്ചാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അടൂരിലുള്ള ബന്ധുവീട്ടില്‍ നിന്നും പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കയറ്റി പന്തളത്തേക്ക് മാറ്റുകയായിരുന്നു.
പെണ്‍കുട്ടിയുമായി അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് അവിടെ നിന്ന് മറ്റൊരു കോവിഡ് പോസിറ്റീവ് ആയ 40 വയസുകാരിയുമായി കോഴഞ്ചേരിയിലെ ജനറല്‍ ആശുപത്രിയില്‍ പോയി. അവരെ അവിടെ ഇറക്കിയ ശേഷമാണ് പെണ്‍കുട്ടിയെ പന്തളത്തിലെത്തിച്ചത്. ഈ സമയത്ത് പെണ്‍കുട്ടി ആംബുലന്‍സില്‍ തനിച്ചായിരുന്നു. അത്തരം സാഹചര്യമുണ്ടാക്കാന്‍ വേണ്ടിയാണ് അടൂരില്‍ നിന്നും പന്തളത്തേക്ക് എത്താന്‍ എളുപ്പമാണെന്നിരിക്കെ പ്രതി മനപ്പൂര്‍വ്വം കോഴഞ്ചേരി വഴി കൂടുതല്‍ ദൂരം സഞ്ചരിച്ച് പെണ്‍കുട്ടിയെ പന്തളത്തേക്ക് എത്തിച്ചത്. ആറന്മുള വിമാനത്താവള പ്രദേശത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ആംബുലന്‍സ് നിര്‍ത്തി ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു.
പിന്നീട് പെണ്‍കുട്ടിയെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ആംബുന്‍സില്‍ തന്നെ എത്തിച്ചു. യുവതി ആശുപത്രിയിലെത്തിയ ഉടനെ നിലവിളിച്ച് അകത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് യുവതി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ സമയം ആംബുന്‍സ് ഡ്രൈവര്‍ വാഹനവുമായി കടന്നിരുന്നു. ഇയാളെ റോഡിലിട്ട് അടൂര്‍ പൊലീസ് പിടികൂടുകയായിരുന്നു.
Post Your Comments