കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആണ് ബിനീഷ് കോടിയേരിയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. . ബിനീഷ് പറഞ്ഞതുപോലെ കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അനൂപുമായി ചെറിയ ബന്ധമല്ല അദ്ദേഹത്തിനുള്ളത്. ഇവര്‍ തമ്മില്‍ ഒരുപാട് സാമ്പത്തിക ഇടപാടുകളാണ് നടന്നിട്ടുള്ളത്. ചെറിയ ബന്ധം എങ്ങനെയൊരു സൗഹൃദമായി വളര്‍ന്നു എന്നത് സംബന്ധിച്ച് ബിനീഷ് മറുപടി പറഞ്ഞിട്ടില്ല. അവര്‍ തമ്മിലെ സൗഹൃദത്തിന്റെ അടിസ്ഥാനം എന്തായിരുന്നുവെന്ന് വ്യക്തമാക്കണം.
2015ലാണ് അനൂപ് ബംഗളൂരുവില്‍ റെസ്‌റ്റോറന്റ് ആരംഭിച്ചത്. ഈ സമയത്ത് ബിനീഷ് അനൂപിനെ പണം നല്‍കി സഹായിച്ചിരുന്നു. ഇതേ കാലയളവില്‍ തന്നെയാണ് ബിനീഷ് ബംഗളൂരുവില്‍ ഫിനാന്‍സ് കമ്ബനി ആരംഭിക്കുന്നത്. ഇവിടെനിന്നുള്ള പണമാണോ റെസ്‌റ്റോറന്റിനും മയക്കുമരുന്ന് ഇടപാടിനും നല്‍കിയതെന്ന് ബിനീഷ് മറുപടി പറയണമെന്നും ഫിറോസ് പറഞ്ഞു.
ആഗസ്റ്റ് 22നാണ് ബംഗളൂരുവില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ മൂന്നുപേരെ അറസ്റ്റ് ചെയ്തത്. സീരിയല്‍ നടി അനിഘ, ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്ത് മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍. ഇതില്‍ അനൂപാണ് ഇടപാടുകാര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നത്.
അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്തബന്ധമുണ്ടെന്ന് കഴിഞ്ഞദിവസമാണ് പി.കെ. ഫിറോസ് ആരോപണവുമായി രംഗത്തുവന്നത്. ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. സ്വര്‍ണക്കടത്ത് പ്രതികളുമായും അനൂപിന് ബന്ധമുണ്ട്. സ്വപ്ന സരേഷ് ബംഗളൂരുവില്‍ പിടിക്കപ്പെട്ട ദിവസം നിരവധി തവണയാണ് ബിനീഷ് അനൂപിനെ ഫോണില്‍ വിളിച്ചതെന്നും ഫിറോസ് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ബിനീഷ് പണം മുടക്കി തുടങ്ങിയ ബംഗളൂരുവിലെ ഹയാത്ത് ഹോട്ടല്‍ വഴിയാണ് കച്ചവടം ഉറപ്പിക്കുന്നത്. ഈ ഹോട്ടല്‍ വ്യവസായം തുടങ്ങാന്‍ ബിനീഷ് കോടിയേരിയാണ് പണം മുടക്കിയതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.
സ്വപ്ന സുരേഷ് പിടിക്കപ്പെട്ട ജൂലൈ 10ന് മുഹമ്മദ് അനൂപിന്റെ ഫോണിലേക്ക് നിരവധി തവണ ബിനീഷ് കോടിയേരി വിളിച്ചിട്ടുണ്ട്. അനൂപിന്റെ ഫോണ്‍ ലിസ്റ്റില്‍ സ്വര്‍ണക്കടത്ത് കേസിലെ നിരവധി പേരുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
ജൂണ്‍ 19ന് കുമരകത്ത് നടന്ന നൈറ്റ് പാര്‍ട്ടിയില്‍ അനൂപും ബിനീഷ് കോടിയേരിയും പങ്കെടുത്തതായും ഫിറോസ് ആരോപിച്ചു. ചിത്രം അനൂപ് തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ബോളിവുഡിന് പിന്നാലെ കേരളത്തിലെ സിനിമരംഗത്തും മയക്കുമരുന്ന് മാഫിയ ബന്ധമുണ്ട്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
ബിനീഷിന്റെ പോസ്റ്റുകളാണ് അനൂപ് ഫേസ്ബുക്കില്‍ പങ്കുവെച്ചതില്‍ അധികവും. 2019 സെപ്റ്റംബര്‍ 25ന് അനൂപിന്റെ മറ്റൊരു ഹോട്ടല്‍ ഉദ്ഘാടനത്തിന് ബിനീഷ് കോടിയേരി സംസാരിക്കുന്ന വിഡിയോയും ഫേസ്ബുക്കിലുണ്ട്. ഇവര്‍ മയക്കുമരുന്ന് ഇടപാട് നടത്തുന്ന ബംഗളൂരുവിലെ റോയല്‍ സ്യൂട്ട് അപ്പാര്‍ട്ട്‌മെന്റില്‍ ബിനീഷ് കോടിയേരി നിത്യസന്ദര്‍ശകനാണ്. ലോക്ഡൗണ്‍ കാലത്ത് പോലും ആഴ്ചകളോളം ഇവിടെ വന്നിരുന്നതായി പരിസരവാസികള്‍ പറഞ്ഞതായും ഫിറോസ് വ്യക്തമാക്കി.
Post Your Comments