
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിന്റെ പുലികളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് സ്ഥലങ്ങൾ. നാലാമോണം വൈകിട്ടാണ് പുലികളി നടക്കുന്നത്. വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. ശരീരമാകെ വടിച്ച് മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളിൽ കൃത്രിമമായി നിർമ്മിച്ച വനത്തിൽ നിന്ന് ചാടിയിറങ്ങുന്ന നൂറുകണക്കിന് പുലികൾ നടുവിലാർ ഗണപതിക്ക് മുമ്പിൽ നാളീകേരമുടച്ചാണ് കളി തുടങ്ങുന്നത്.
തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റ് സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട്. ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ , പച്ച, മഞ്ഞ്, കറുപ്പ്, സിൽവർ, ചുവപ്പ്, നീല, പിങ്ക്, വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് നൃത്തം ചെയ്യാറ്.
മെയ്‌വഴക്കവും കായികശേഷിയും പുലികളിക്കാർക്കുണ്ടായിരിക്കേണ്ട നിർബന്ധ സവിശേഷതകളാണ്. താളത്തിനും വഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലിക്കളിയുടെ പ്രത്യേകതകളാണ്. പുലിക്കു പകരം കടുവാ വേഷങ്ങളും കണ്ടുവരുന്നു. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും ഇതിലെ പ്രധാന വേഷങ്ങളാണ്. ഉടുക്കും തകിലും അകമ്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നത്.
Post Your Comments