ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത് തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്നു മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു.
ഇതോടെ മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി ‘വിശ്വജിത്ത്’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി.
പിന്നീട് ആണ്ടിലൊരിക്കൽ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.
എന്നാൽ മറ്റൊരു ഭാഷ്യവും ഉണ്ട്. മഹാബലിയുടെ ദുരഭിമാനം തീർക്കാനായാണു വാമനൻ അവതാരമെടുത്തത് എന്നാണ്. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു
എന്നും പറയുന്നു. എന്നാൽ ഈ ഐതിഹ്യത്തിന് അത്ര പ്രചാരമില്ല .
Post Your Comments