ദുബായ്: യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ 2020 നായുള്ള ടീമില്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണിന് പകരക്കാരനായി ഓസ്ട്രേലിയന്‍ വലംകൈയ്യന്‍ സ്പിന്നര്‍ ആദം സാംപയെ ക്ലബ്ബില്‍ എത്തിച്ചതായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 29 കാരനായ ഫാസ്റ്റ് ബൗളര്‍ റിച്ചാര്‍ഡ്‌സണ്‍ അവരുടെ ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിനായി ഭാര്യയ്ക്കൊപ്പം നില്‍ക്കേണ്ടതുണ്ട് എന്നതിനാലാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്.
യുഎഇയുടെ മന്ദഗതിയിലുള്ള പിച്ചുകളും വരണ്ട കാലാവസ്ഥയും കണക്കിലെടുക്കുമ്പോള്‍ റിച്ചാര്‍ഡ്‌സണ് പകരക്കാരനായി റോയല്‍ ചലഞ്ചേഴ്സ് ക്യാമ്പില്‍ സാംപെ എത്തുന്നത് ടീമിന് ഗുണം ചെയ്യും എന്നാണ് വിലയിരുത്തുന്നത്. സാംപെ ടീമിലെത്തുന്നതോടെ ആര്‍സിബിയുടെ ബോളിംഗ് നിര കൂടുതല്‍ ശക്തമാകും.
വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ആര്‍സിബിയില്‍ ഇതിനകം യുസ്വേന്ദ്ര ചഹാല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മൊയിന്‍ അലി, പവന്‍ നേഗി, തുടങ്ങിയവര്‍ സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റിലുണ്ട്. 2016 ലും 2017 ലും ഐപിഎല്ലിലെ മുന്‍ക്ലബ്ബായ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റിനായി 28 കാരനായ സാംപ കളിച്ചിരുന്നു. ഇക്കാലയളവില്‍ 11 മത്സരങ്ങളില്‍ കളിച്ച താരം 7.55 ബോളിംഗ് ആവറേജില്‍ 19 വിക്കറ്റുകളാണ് നേടിയിരുന്നത്. 2016 ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 6/19 നേടിയതാണ് താരത്തിന്റെ ഐപിഎല്ലിലെ മികച്ച പ്രകടനം.
ഓസ്ട്രേലിയയ്ക്കായി ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ള താരം ഏകദിനത്തില്‍ 55 ഉം ടി 20 യില്‍ 30 ഉം മത്സരങ്ങളില്‍ നിന്നായി യഥാക്രമം 75, 33 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഐപിഎല്‍ 2020 സെപ്റ്റംബര്‍ 19 മുതലാണ് ആരംഭിക്കുക അവസാന മത്സരം നവംബര്‍ 10 ന് നടക്കും. ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് യുഎഇയില്‍ ഷാര്‍ജ, ദുബായ്, അബുദാബി എന്നീ മൂന്ന് വേദികളിലായിയാണ് നടക്കുക.
Post Your Comments