KeralaLatest NewsNews

നവോത്ഥാനത്തിന്റെ കേരള മോഡല്‍ – ടി.പി, ശുഹൈബ്, ശരത്‌ലാല്‍, കൃപേഷ്, മധു, അഭിമന്യൂ മുതലായവരുടെ പട്ടികയില്‍ ഇതാ അനുവും കൂടി

അഞ്ജു പാര്‍വതി പ്രഭീഷ്

തിരുവോണത്തലേന്ന് വാർത്താചാനലിലൂടെ കേട്ടറിഞ്ഞ ഒരു ആത്മഹത്യ വല്ലാതെ ഉള്ളുപൊള്ളിക്കുന്നത് ജീവിക്കാൻ വല്ലാതെ ആഗ്രഹിച്ച ഒരു യുവാവിന്റെ പൊടുന്നനെയുള്ള വിടവാങ്ങലും ചുവരിലൊട്ടിച്ച ഒരു കുറിപ്പും അതിലെഴുതിയ ചില വാചകങ്ങളും കൊണ്ടാണ്. എല്ലാം ശരിയാകുമെന്ന് തന്നെയായിരിക്കും ഇന്നലെവരേയ്ക്കും ഈ പാവം യുവാവും ധരിച്ചിട്ടുണ്ടാകുക. ഊണും ഉറക്കവുമുപേക്ഷിച്ച് പഠിച്ച് തന്നെയാണ് എക്സൈസ് റാങ്ക് ലിസ്റ്റിൽ 76ാം റാങ്കുകാരനായത്. പഠിച്ചു നേരായ മാർഗ്ഗത്തിലൂടെ ജോലിനേടി ജീവിതത്തിനു നിറം പകരാമെന്ന സ്വപ്നവുമായി നടന്നതിനാലാവാം ഈ പാവം ഒരു പക്ഷെ ചെങ്കൊടിയുടെ തണലിൽ ജോലിക്കു കയറേണ്ടതില്ലെന്ന തെറ്റായ തീരുമാനമെടുത്തത്. പഠിച്ചു, റാങ്ക് ലിസ്റ്റിൽ കയറി ജന്മ സാഫല്യമായ ജോലി കിട്ടാൻ വേഴാമ്പൽ പോലെ കാത്തിരുന്നു മടുത്തു കാണും. മുട്ടാവുന്ന വാതിലുകളിലൊക്കെ മുട്ടിയിട്ടുണ്ടാകും. എന്നിട്ടും കിട്ടില്ലെന്നു വരുമ്പോൾ , അതിന്റെ നിരാശയിൽ സ്വന്തം ജീവിതത്തോട് മതി പ്രതിഷേധമെന്ന് കരുതി കാണും.

ഈ പെടുമരണത്തിന് ആരാണ് ഉത്തരവാദി? പിൻവാതിൽനിയമനങ്ങൾക്ക് വേണ്ടത്ര വളവും വെള്ളവും നല്കുന്ന ഭരണകൂടം തന്നെ. ഇവിടെ തൊഴിലവസരങ്ങൾ ഇല്ലാഞ്ഞിട്ടല്ല. പക്ഷേ കയറിപ്പറ്റുന്നതിൽ വേണം മിടുക്ക്.

ഡിഗ്രിയും ഡോക്ടറേറ്റുമൊക്കെയുള്ള ലക്ഷങ്ങൾ തൊഴിലില്ലാതെ അലയുന്ന ഈ സമത്വസുന്ദരസോഷ്യലിസ്റ്റ് കേരളത്തിലാണ് കത്തി കുത്ത് നടത്തുന്ന ക്രിമിനൽസും സ്വപ്നസുന്ദരിയും ഇഞ്ചിയും മുളകും ഒക്കെ മുടിഞ്ഞ ശബളത്തിൽ പിൻവാതിലിലൂടെ കയറിപ്പറ്റുന്നത് . ഈ ഭരണത്തിൻ കീഴിൽ നോക്കുകുത്തിയായി മാറിയ ഒരു സ്ഥാപനം ഉണ്ട്.KPSC അഥവാ കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ. കുറേ ആളുകൾ PSC പരീക്ഷ എന്നൊക്കെ പറഞ്ഞു തലയും കുത്തി നിന്ന് ഒരു വശത്തു പഠിച്ചു, റാങ്ക് ലിസ്റ്റിൽ കയറി ജന്മ സാഫല്യമായ ജോലി കിട്ടാൻ വേഴാമ്പൽ പോലെ നടക്കുന്നു. മുട്ടാവുന്ന വാതിലുകളിലൊക്കെ മുട്ടുന്നു. എന്നിട്ടും കിട്ടില്ലെന്നു വരുമ്പോൾ , അതിന്റെ നിരാശയിൽ പ്രതിഷേധിക്കുന്നു! പ്രതികരിക്കുന്നു. അത്തരക്കാരെ PSC ഭരണകൂട ഒത്താശയോടെ സംസ്ഥാനദ്രോഹികളായി മുദ്രകുത്തുന്നു. അവർക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു! അനുവിനെ പോലെ ചിലർ പ്രതിഷേധം ചുവരിലൊട്ടിച്ച് സ്വന്തം ജീവിതത്തിൽ നിന്നും വിടവാങ്ങുന്നു.

ആഗോളവൽക്കരണം, മുതലാളിത്തം, സാമ്രാജ്യത്വം, തൊഴിലില്ലായ്‌മ ഉണ്ടാക്കുന്ന കേന്ദ്ര നയം, പുറം വാതിൽ നിയമനം, കരാർ നിയമനം എന്നൊക്കെ ഗീർവാണം അടിച്ചു വിടുന്ന, തൊഴിൽ അല്ലെങ്കിൽ ജയിൽ എന്നൊക്കെ കഴിഞ്ഞ ഭരണത്തിൽ പറഞ്ഞുനടന്നിരുന്ന ഡിഫിക്കാർ 2016 മുതൽ അന്താരാഷ്ട്ര വിഷയങ്ങളിലും കേന്ദ്രവിഷയങ്ങളിലും മാത്രം ശ്രദ്ധ പതിപ്പിക്കുന്നതിനാൽ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവിന്റെ ആത്മഹത്യ കാണില്ല! തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന തുരുമ്പെടുത്ത മുദ്രാവാക്യം അല്ലെങ്കിലും പിൻവാതിൽ നിയമനങ്ങൾക്കുമുന്നിൽ കണ്ണടച്ചു നില്ക്കാൻ എന്നേ ശീലിച്ചുക്കഴിഞ്ഞു! ഇവിടെ നവോത്ഥാനമെന്നു പറഞ്ഞാൽ ഇതൊക്കെയാണ്. 51 വെട്ട് കൊണ്ട് വിഭിന്നആശയങ്ങളുടെ പേരിൽ ടി.പിയെ ഉറക്കികിടത്തി, വർഗ്ഗീയതയുടെ പേരിൽ അഭിമന്യുവിനെ രക്തസാക്ഷിയാക്കി, രാഷ്ട്രീയവൈരത്തിന്റെ പേരിൽ കൃപേഷിനെയും ശരതിനെയും വെട്ടി വീഴ്ത്തി,സ്വാശ്രയ മേലാളൻമാരെ സുഖിപ്പിക്കാൻ ജിഷ്ണു പ്രണോയിയെ ഇടിച്ചു കെട്ടിതൂക്കി,വ്യവസായസംരംഭങ്ങൾക്ക് ശ്രമിച്ച പ്രവാസിയായ സാജനെ ആത്മഹത്യചെയ്യിച്ച കേരളാമോഡൽ നവോത്ഥാനത്തിന്റെ ഒടുവിലത്തെ ഇരയായി അനുവും.

വലിയ മീനിനെ കാണുമ്പോൾ പൊന്മാൻ കണ്ണടക്കും എന്നൊരു പ്രയോഗമുണ്ട് മലയാളഭാഷയിൽ. എന്നാലൊരു പൊടി മീനിനെ കണ്ടാലോ അതേ പൊന്മാൻ ഒരു അഭ്യാസിയെ പോലെ വെള്ളത്തിലൂളിയിട്ട് മീനിനെ കൊത്തിയെടുക്കും! വലിയ മീനിനെ കാണുമ്പോൾ ടി പൊന്മാൻ കണ്ണടയ്ക്കുന്നത് അതൊരു ഹാർഡ് ടാർഗറ്റ് ആണെന്നറിയാവുന്നതിലാണ്. പൊടി മീനിന്റെ മുന്നിൽ ഷോ നടക്കുമെന്നറിയാം! കേരളത്തിലിപ്പോൾ നീലപൊന്മാനെ കൂട്ടത്തോടെ കാണണമെങ്കിൽ ഡിഫിക്കാരുടെ ലയങ്ങളിലേയ്ക്ക് പോകണം. എന്നു മുതലാണ് ഈ DYFI അഥവാ ഡിഫിക്കാർ പൊന്മാനുകളായി മാറിയത് എന്നറിയണ്ടേ? 2016 മെയ് മുതൽ! ഡിഫികൾക്ക് പിണറായി സർക്കാർ വായിൽ കൊള്ളാത്ത വലിയ മീനാണ്. അതുകൊണ്ട് അവർ ഈ തൊഴിൽനിഷേധങ്ങൾക്കെതിരെ കണ്ണടയ്ക്കും! തൊഴിൽ രഹിതനായ ഒരുവന്റെ ആത്മഹത്യയെ കണ്ടില്ലെന്നു നടിക്കും. എന്നാൽ ഇതേ സ്ഥലത്ത് ചാണ്ടി സർക്കാരോ മറ്റോ ആണെങ്കിൽ പൊന്മാൻ സൂപ്പർ മാൻ ആവും. അതാണ് മാർക്സിസം എന്ന സോ സിംപിൾ ബട്ട് ലോക ഉഡായിപ്പ് തിയറി.

ഓരോ റാങ്ക് ലിസ്റ്റിലും ഒരുപാട് ജീവിതങ്ങൾ കുരുങ്ങി കിടപ്പുണ്ടെന്ന് ഈച്ചയോടും പൂച്ചയോടും വരെ വാർത്താസമ്മേളനത്തിൽ കരുതൽ കാണിക്കുന്ന മുഖ്യമന്ത്രി എന്ന് മനസ്സിലാക്കും? മനസ്സിലാക്കുമെന്ന ഒരു പ്രതീക്ഷയുമില്ല. കാരണം പി.ആർ.വർക്കുകാരുടെ അകമ്പടിയോടെ നന്മയുള്ള ലോകമേ ഗാനമേള മെഗാസ്റ്റേജ് ഷോയായി തകർത്തോടുന്നുണ്ടല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button