ന്യൂഡല്‍ഹി : സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള 74 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കശ്മീരില്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്കു സമീപത്തുള്ള മേഖലകളില്‍ 24 മണിക്കൂര്‍ വൈദ്യുതി എത്തിച്ച് കേന്ദ്രസര്‍ക്കാര്‍. കുപ്വാര ജില്ലയിലെ കെരാന്‍, മാച്ചില്‍ പ്രദേശങ്ങളിലാണ് അതിര്‍ത്തി വികസനത്തിന്റെ ഭാഗമായി വൈദ്യുതി വിതരണം ആരംഭിച്ചത്. സ്വാതന്ത്ര്യദിനത്തിലാണ് കെരാനില്‍ വൈദ്യുതി എത്തിയത്. രണ്ടാംഘട്ടമായി മാച്ചിലിലെ ഗ്രാമങ്ങളില്‍ ബുധനാഴ്ചയും വൈദ്യുതി എത്തി.
കൂടുതല്‍ ദുഷ്‌കരമായ മേഖലകളിലേക്കു വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഊര്‍ജവകുപ്പ്- കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കനാല്‍ പറഞ്ഞു. അടുത്ത വര്‍ഷത്തോടെ അതിര്‍ത്തിമേഖലകളെ തമ്മില്‍ ബന്ധിപ്പിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെ ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് മാച്ചിലിലെ 20 ഗ്രാമങ്ങളില്‍ വൈകിട്ട് മൂന്നു മണിക്കൂര്‍ മാത്രം വൈദ്യുതി നല്‍കിയിരുന്നത്. ഇനി വൈദ്യുതി ഗ്രിഡുകളില്‍നിന്നാണു 24 മണിക്കുര്‍ വിതരണം നടത്തുക. ദുര്‍ഘടമായ പ്രദേശങ്ങളില്‍ തൂണുകള്‍ സ്ഥാപിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് അധികൃതര്‍ പറഞ്ഞു. കുപ്വാര ജില്ലാ ആസ്ഥാനത്തുനിന്ന് 65 കിലോമീറ്റര്‍ അകലെയാണ് മാച്ചില്‍.
വര്‍ഷത്തില്‍ ആറുമാസവും മറ്റിടങ്ങളില്‍നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും ഇവിടം. നിയന്ത്രണരേഖയ്ക്കു സമീപത്തായതിനാല്‍ ഭീകരരുടെ നുഴഞ്ഞുകയറ്റവും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. മിക്കവാറും പാക്ക് ഷെല്ലിങ് ഉണ്ടാകുന്ന മേഖല കൂടിയാണിത്. വൈദ്യുതി എത്തുന്നത് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.
നിയന്ത്രണ രേഖയ്ക്കു സമീപത്തു മഞ്ഞുനിറഞ്ഞ ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാനും വൈദ്യുതി എത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ വൈദ്യുതി വിതരണത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പാക്കേജായി 4000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments