
പാലക്കാട് : കനാലിലെ വെള്ളത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബി. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ സ്വന്തം മണ്ഡലമായ ചിറ്റൂരിലെ പട്ടഞ്ചേരി പഞ്ചായത്തിലാണ് ഈ പദ്ധതി കെഎസ്ഇബി നടപ്പാക്കുന്നത്.
പാലക്കാട് വണ്ടിത്താവളത്ത് 100 വീടുകളിലേക്ക് ആവശ്യമായ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ ഇത്തരത്തിൽ കനാലിൽ ജലചക്രം സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ആദ്യമായാണ്. മൂലത്തറ ഇടതു കനാലിൽ നിന്ന് ജലചക്രം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചാണ് കെഎസ്ഇബി വിതരണം ചെയ്യുന്നത്.
10 കിലോവാട്ട് മൈക്രോ ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിച്ചത്. തൊട്ടടുത്ത് സ്ഥാപിച്ച വൈദ്യുത പോസ്റ്റിലെ ഗ്രിഡിലുടെ വൈദ്യുതി പ്രസരണം നടത്തും. ഇൻവേർട്ടറിന്റെ സഹായവും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. പരീക്ഷണ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയിച്ചാൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കും.
വീടിനു സമീപം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാർ. 23,60,000 രൂപയാണ് പദ്ധതിയുടെ ചെലവ്. സാങ്കേതിക പരിശോധനകൾക്ക് ശേഷം ഉദ്ഘാടനം നടത്തുമെന്നു കെഎസ്ഇബി അധികൃതർ അറിയിച്ചു.
Post Your Comments