Latest NewsKerala

പ്രശസ്ത ഗണപതി ക്ഷേത്രമായ മള്ളിയൂരില്‍ അധികൃതര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റം: കുമ്മനം

തിരുവനന്തപുരം: പ്രശസ്ത ഗണപതി ക്ഷേത്രമായ മള്ളിയൂരില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ പോലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തടഞ്ഞ നടപടി കോവിഡ് പ്രതിരോധ മാനദണ്ഡത്തിന്റെ ഭാഗമാണെന്ന വിശദീകരണം ബാലിശവും പരിഹാസ്യവുമാണെന്ന് ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-മള്ളിയൂരിൽ നടന്നത് വിശ്വാസ ധ്വംസനം.

പ്രശസ്ത ഗണപതി ക്ഷേത്രമായ മള്ളിയൂരിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾ പോലീസും ജില്ലാ ഭരണകൂടവും ചേർന്ന് തടഞ്ഞ നടപടി കോവിഡ് പ്രതിരോധ മാനദണ്ഡത്തിന്റെ ഭാഗമാണെന്ന വിശദീകരണം ബാലിശവും പരിഹാസ്യവുമാണ്.

ശബരിമല ക്ഷേത്രത്തിൽ പോലും ഭക്തജനങ്ങൾക്ക് പ്രവേശിക്കാമെന്ന നില വരെ എത്തി. എന്നാൽ മള്ളിയൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ ആവശ്യപെട്ടിട്ടുമില്ല, അതിന് ശ്രമിച്ചിട്ടുമില്ല.

ആ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷ ദിവസമായ വിനായക ചതുർത്ഥി ദിവസം ക്ഷേത്ര മതിലിനുള്ളിൽ ചടങ്ങുകൾ പേരിന് മാത്രം നടത്താൻ അനുവാദം ചോദിച്ചിരുന്നു. യാതൊരു തടസവും തലേ ദിവസം വരെ ജില്ലാ ഭരണകൂടം പറഞ്ഞില്ല. പക്ഷേ ചടങ്ങുകൾ തുടങ്ങിയപ്പോൾ പോലീസും കളക്ടറുടെ നിർദേശപ്രകാരം എത്തിയ തഹസീൽദാരും ചേർന്ന് ക്ഷേത്രത്തിലെത്തി തടയുകയും ചടങ്ങ് നടന്നാൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസിന്റെ വലിയൊരു വ്യൂഹം ക്ഷേത്ര വളപ്പിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

യാതൊരു തെറ്റും ചെയ്യാത്ത ക്ഷേത്ര അധികൃതരെ കയ്യാമം വെക്കുമെന്ന നിലയിലേക്ക് സ്ഥിതിഗതികൾ എത്തിച്ച ജില്ലാ ഭരണകൂടം ഭരണഘടനാദത്തമായ ആരാധനാ സ്വാതന്ത്ര്യമാണ് ധ്വംസിച്ചത്. നിരപരാധികളും ഭക്തോത്തമന്മാരും പരമ സാത്വികരുമായ മള്ളിയൂർ ഭാഗവതാചാര്യ ശ്രേഷ്ഠർ ഒരു നിയമവും ലംഘിക്കുന്നവരല്ല. പക്ഷേ അവരുടെ മനസിനെ നോവിക്കുകയും വൃണപ്പെടുത്തുകയും ചെയ്ത അധികൃതർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തത്.

ഹിന്ദു സമൂഹം അവരുടെ വേദന നെഞ്ചിലേറ്റി രംഗത്തു വരുമെന്നതിൽ സംശയമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button