തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ നശിച്ചത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള സുപ്രധാന രേഖകളെന്ന് ചെന്നിത്തല. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം യുഡിഎഫിനു സ്വീകാര്യമല്ല. സര്‍ക്കാര്‍ പറയുന്ന രീതിയിലേ ഉദ്യോഗസ്ഥര്‍ അന്വേഷിക്കൂ. തീപിടുത്തത്തിനു പിന്നിലെ കാരണങ്ങള്‍ പുറത്തു വരണമെങ്കില്‍ എന്‍ഐഎ അന്വേഷണം നടത്തണം.
തെളിവുകള്‍ നശിപ്പിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് നടന്നത്. സെക്രട്ടേറിയറ്റിലെ ഈ ഭാഗത്തുമാത്രം തീപിടിച്ചു ഫയലുകള്‍ നശിച്ചത് എന്തു കൊണ്ടാണെന്നു ചെന്നിത്തല ചോദിച്ചു. മൂന്നു സെക്‌ഷനുകളിലാണ് തീപിടിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 2 ദിവസമായി അടച്ചിട്ടിരിക്കുന്ന മുറിയില്‍ ഫാന്‍ കറങ്ങി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി തീപിടിക്കുന്നതെങ്ങനെയാണെന്ന് ചെന്നിത്തല ചോദിച്ചു. ഇതിനു പിന്നില്‍ അട്ടിമറിയുണ്ട്. ഫയലുകളുടെ കോപ്പികള്‍ സൂക്ഷിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അട്ടിമറിയുടെ തെളിവാണിതെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ കരിദിനം ആചരിക്കും.എംഎല്‍എമാരായ വി.ടി. ബല്‍റാം, വി.എസ്. ശിവകുമാര്‍ തുടങ്ങിയ യുഡിഎഫ് നേതാക്കളും പ്രതിപക്ഷ നേതാവിനൊപ്പം സെക്രട്ടേറിയറ്റ് ഗേറ്റിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെയും എംഎല്‍എമാരെയും സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് കടത്തിവിടുകയായിരുന്നു.
Post Your Comments