KeralaOnamnewsNewscelebrityFestivals

ഓണത്തെ ചൂടുപിടിപ്പിച്ച ഓണത്തല്ല്

ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ്‌ ഓണത്തല്ല്‌. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന്‌ പേരുണ്ട്‌. ബൗദ്ധരെ ആയുധമെടുത്തു പരാജയപ്പെടുത്തിയതിന്റെ സൂചനയാണ് ഇത്. കാലം മാറിയപ്പോൾ വിജയത്തിന്റെ ഓർമ ഒരു കലയാക്കി മാറ്റി. പിൽക്കാലത്ത്‌ നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി.

മൈസൂർ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല്‌ ആചരിച്ചിരുന്നു. ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല്‌ നടത്തിയത്‌ തൃശൂരിനടുത്ത്‌ കുന്നംകുളത്തുമാത്രമാണ്. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്‌. വ്യവസ്ഥതെറ്റുമ്പോൾ തല്ലുകാരെ പിടിച്ചുമാറ്റുവാൻ റഫറി ഉണ്ട്‌. നിരന്നു നിൽക്കുന്ന രണ്ടു ചേരിക്കാർക്കും നടുവിൽ 14 മീറ്റർ വ്യാസത്തിൽ ചാണകം മെഴുകിയ കളത്തിലാണ്‌ തല്ലു നടക്കുക. ഇതിന്‌ ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുൻപ്‌ പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന്‌ ‘ചേരികുമ്പിടുക’ എന്ന്‌ പറയുന്നു.

ഏതെങ്കിലും ഒരു ചേരിയിൽ നിന്ന്‌ പോർവിളി മുഴക്കി ഒരാൾ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്‌തിയുള്ള ഒരാൾ എതിർചേരിയിൽ നിന്നും ഇറങ്ങും. തറ്റുടുത്ത്‌ ചേല മുറുക്കി ‘ഹയ്യത്തടാ’ എന്നൊരാർപ്പോടെ നിലം വിട്ടുയർന്ന്‌ കളംതൊട്ട്‌ വന്ദിച്ച്‌ ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന്‌ ഇരുകൈകളും കോർക്കും. പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത്‌ മുകളിലേക്കുയർത്തി താഴേക്ക്‌ ശക്‌തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും. തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന്‌ വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന്‌ നിയമമുണ്ട്‌.

ഓണത്തല്ലുകാർക്കിടയിൽ ഒരു വീരനായകനുണ്ട്‌. കാവശ്ശേരി ഗോപാലൻ നായർ. സ്വന്തം ദേഹത്ത്‌ എതിരാളിയുടെ കൈ ഒരിക്കൽപോലും വീഴിക്കാതെ നാൽപതുകൊല്ലം തല്ലി ജയിച്ചയാളാണ്‌ ഇദ്ദേഹം. കടമ്പൂർ അച്ചുമൂത്താനും പ്രസിദ്ധനാണ്‌. ഇദ്ദേഹം ആദ്യമായി പരാജയമറിഞ്ഞത്‌ അമ്പത്തഞ്ചാമത്തെ വയസ്സിൽ കാമശ്ശേരി ഗോപാലൻ നായരോടാണ്‌. ഇരുവരും ആ കളിയോടെ എന്നെന്നേക്കുമായി കളം വിട്ടു. വരവൂർ സെയ്‌താലി, എടപ്പാൾ ഗോപാലൻ, പാത്തുക്കുടി ഉടൂപ്പ്‌ തുടങ്ങിയവരും പേരുകേട്ട ഓണത്തല്ലുകാരാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button