Latest NewsKeralaNews

‘ബിജെപി നേതാക്കളെ കണ്ടുപഠിക്കൂ’; പാർട്ടി എംഎൽഎമാർക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ നിർദേശം

തിരുവനന്തപുരം : കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ ബിജെപി നേതാക്കൾ പ്രചരിപ്പിക്കുംപോലെ സംസ്ഥാനത്തിൻ്റെ നേട്ടങ്ങൾ എംഎൽഎമാർ പ്രചരിപ്പിക്കണമെന്ന് സിപിഎം . സിപിഎം എംഎൽഎമാരുടെ പാർലമെൻററി പാർട്ടി യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദേശം നൽകിയത്.

സർക്കാരിൻ്റെ നേട്ടങ്ങൾ ഏറ്റവുമധികം ജനങ്ങളിലെത്തിക്കാൻ കഴിയുന്നത് എംഎൽഎ മാർക്കാണ്. എന്നാൽ പാർട്ടി എംഎൽഎമാർ ആത്മാർഥമായി ഇത് ചെയ്യുന്നുണ്ടോ എന്ന സംശയമാണ് സിപിഎം നേതൃത്വത്തിന്. എംഎൽഎമാർ സോഷ്യൽ മീഡിയിൽ കൂടുതൽ സജീവമാകണം. അതുവഴി സർക്കാരിൻ്റെ വികസന നേട്ടങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കണം. കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നത് ഉദാഹരണമായി പറഞ്ഞതാണ് കോടിയേരി എംഎൽഎമാരെ പഠിപ്പിച്ചത്.

നേട്ടങ്ങളോടൊപ്പം പ്രതിസന്ധികളിൽ സർക്കാരിനെ പ്രതിരോധിക്കാനുള്ള ബാധ്യതയും എംഎൽഎമാർക്കുണ്ട്. ലൈഫ് പദ്ധതി പോലുള്ള വിവാദങ്ങളിൽ വിമർശനം ഉയരുമ്പോൾ മൗനം പാലിക്കരുത്. അത് എന്താണെന്നും അതിലൂടെ സർക്കാർ നൽകിയ വലിയ സഹായങ്ങളും ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തണം. തദ്ദേശ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ വിജയത്തിന് എംഎൽഎമാർക്ക് വലിയ പങ്കു വഹിക്കാനുണ്ട്. റോഡുകളുടെ നവീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എംഎൽഎമാർ മുൻകൈയെടുക്കണം. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാകണം ഇനിയുള്ള പ്രവർത്തനം. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് പാർട്ടി എംഎൽഎമാരുടെയോഗം വിളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button