ബെംഗളൂരു : സംഘര്‍ഷമേഖലകളില്‍ പരിക്കേറ്റ ഐഎസ് തീവ്രവാദികളെ സഹായിക്കുന്നതിനായി ആപ്പ് വികസിപ്പിച്ചെടുത്ത ഡോക്ടര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. ഐഎസ്ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കര്‍ണാടകയില്‍ താവളമാക്കിയതായി യുഎന്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ബെംഗളൂരു ബസവങ്ങുടി സ്വദേശിയായ അബ്ദുര്‍ റഹ്മാനെ പിടിച്ചത്. ഇയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.
ബെംഗളൂരുവിലെ രാമയ്യ മെഡിക്കല്‍ കോളേജില്‍ നേത്രരോഗവിദഗ്ദ്ധനായി ജോലി ചെയ്യുകയായിരുന്ന അബ്ദുര്‍ റഹ്മാന്‍ ആണ് പിടിയിലായത്. ഐഎസ് തീവ്രവാദികളുടെ ചികിത്സയ്ക്കായി സിറിയയിലെ ഒരു ഐഎസ് മെഡിക്കല്‍ ക്യാമ്പ് 2014 തുടക്കത്തില്‍ ഇയാള്‍ സന്ദര്‍ശിച്ചതായും ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് 10 ദിവസം ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം താമസിച്ചതായും എന്‍ഐഎ വ്യക്തമാക്കുന്നു.
2020 മാര്‍ച്ചില്‍ കശ്മീരി ദമ്പതികളെ അറസ്റ്റ് ചെയ്ത ശേഷം ദില്ലി പോലീസ് സ്പെഷ്യല്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നുമാണ് ഈ കേസിലേക്ക് അന്വേഷണം ആരംഭിക്കുന്നത്. നിരോധിത തീവ്രവാദ സംഘടനയായ ഐസിസിന്റെ ഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യയുമായി ഈ ദമ്പതികള്‍ക്ക് ബന്ധമുണ്ടെന്നും എന്‍ഐഎയുടെ മറ്റൊരു കേസില്‍ തിഹാര്‍ ജയിലില്‍ കിടന്നിരുന്ന അബ്ദുല്ല ബസിവുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
Post Your Comments