കോവിഡ് ഓഫർ നൽകി കച്ചവടം കൊഴുപ്പിക്കാൻ ഇറങ്ങിയ ഗോപു നന്ദിലത്ത് ജി മാർട്ടി നെതിരെ പരാതി. കേരളത്തിൽ നിരവധി ബ്രാഞ്ചുകളുള്ള ഗോപു നന്ദിലത്ത് ജി മാർട്ട് ‘കോവിഡ് രക്ഷാവലയം’ എന്ന പേരിൽ നൽകിയ പരസ്യത്തിനെതിരെയാണ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി ലഭിച്ചത്. 2020 ഓഗസ്റ്റ് 15 മുതൽ 30 വരെ ഷോറൂമില്‍ നിന്നും പർചെയ്സ് ചെയ്യുന്ന ഉപഭോക്താവിന് 24 മണിക്കൂറിനുള്ളിൽ എവിടെ നിന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ പർച്ചേസ് ബിൽ തുകയുടെ ജി.എസ്.ടി ഒഴിച്ച് പരമാവധി 50,000 രൂപ വരെ തിരികെ നൽകുമെന്നായിരുന്നു പരസ്യം. ഇക്കാര്യം പ്രമുഖ ദിനപത്രങ്ങളിലും ഓൺലൈനിലും പരസ്യമായി വന്നിരുന്നു.
എന്നാൽ സംസ്ഥാനത്ത് കോവിഡ് രൂക്ഷമായി വരുന്ന സാഹചര്യത്തിൽ പരസ്യം നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്ന് ചൂണ്ടിക്കാട്ടി പാലാ ബാറിലെ അഭിഭാഷകനും നഗരസഭ കൗൺസിലറുമായ ബിനു പുളിയ്ക്കക്കണ്ടമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നാലു കാര്യങ്ങളാണ് ബിനു പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
1. കോവിഡ് രോഗബാധയുള്ളയാൾക്ക് രോഗവിവരം മറച്ചു വച്ച് ഉത്പന്നം വാങ്ങിയ ശേഷം പണം തിരികെ ചോദിക്കാം.2. പരസ്യം മൂലം സാമ്പത്തിക ബുദ്ധിമുട്ടുള്ളവരേയും മറ്റ് സാധാരണക്കാരേയും രോഗബാധിതനായി പണം കൈപ്പറ്റുന്നതിന് പ്രേരിപ്പിക്കാം.3. മനഃപൂർവ്വം രോഗം പടർത്തുന്നതിന് പ്രേരിപ്പിക്കുന്ന സമൂഹ ആഹ്വാനം.
4. സ്ഥാപന ഉടമ സാമൂഹിക ഉത്തരവാദിത്തം മറന്ന് സ്വന്തം ബിസിനസ്സ് വിപുലീകരിക്കുവാനായി ചെയ്യുന്ന ഈ പരസ്യം ഇന്ത്യൻ ശിക്ഷാ നിയമം 269 ആക്ട് പ്രകാരവും, 2020ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിൽ പറയുന്ന 2019ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിലെ 89 വകുപ്പ് പ്രകാരവും, തിരുവിതാംകൂർ-കൊച്ചി ആരോഗ്യ പരിപാലന നിയമം, കേരള മുൻസിപ്പാലിറ്റി ആക്ട് ആരോഗ്യ പരിപാലന നിയമം എന്നിവ പ്രകാരം ഗൗരവമുള്ള കുറ്റകൃത്യമാണ്.
കോവിഡ് 19ന്റെ സാഹചര്യത്തിൽ ഇപ്പോൾ കടകളിൽ 20 പേരിൽ കൂടുതൽ കയറുവാൻ പാടില്ല. എന്നാൽ ഈ നിർദേശങ്ങളെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ടുള്ള പരസ്യമായ നിയമ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും പരാതിയിൽ പറയുന്നു. കൂടാതെ കേരള സർക്കാർ കഴിഞ്ഞ ദിവസം പാസ്സാക്കിയ 2020 ദുരന്തനിവാരണ നിയമത്തിലെ ചട്ടങ്ങൾ പ്രകാരവും ഈ പരസ്യം കുറ്റകരമാണ്. അതിനായൽ പരസ്യം പിൻവലിപ്പിച്ച് നൽകിയ ആൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ബിനു പരാതിയിൽ പറഞ്ഞിരുന്നത്.
Post Your Comments