കേരളീയരുടെ സംസ്ഥാനോൽസവമാണ് ഓണം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ട്. ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. മഹാബലി സ്മരണയായാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.
ഈ ഓണം എന്ന പേരിനും ഒരു ചരിത്രം നില നിൽക്കുന്നുണ്ട്. കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. . കാറും പടലും തീർന്ന് മഴമാറി ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ് വാണിജ്യം പുനരാരംഭിക്കുന്നത്. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള പേരിലേക്ക് എത്തിയതെന്നു പറയപ്പെടുന്നു. പാലിക്ക് കിട്ടിയ പ്രാധാന്യവും ചേർത്തുവായിച്ചാൽ ബൗദ്ധ രാജാവിന്റെ പരാജയമാണ് ബലിയിൽ കാണുന്നത്. വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി. അതാണ് പൊന്നിൻ ചിങ്ങമാസം, പൊന്നോണം എന്നീ പേരുകൾക്കും പിന്നിലെ ഐതിഹ്യം.
Post Your Comments