OnamFestivals

ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞ് കിടക്കുന്ന മലയാളികളുടെ ഓണത്തെ കുറിച്ച്…..

ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതി മതഭേദമെന്യേ ആഘോഷിക്കുന്ന മഹോത്സവമാണ് ഓണം. വളരെയധികം കഥകള്‍ ഓണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. ഇവയെ കുറിച്ച് അറിയാം.

ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. ഒന്നിലധികം ഐതീഹ്യങ്ങളാണ് ഓണവുമായി നിലനില്‍ക്കുന്നത്. എന്നാല്‍ പ്രധാനമായും ഓണത്തിന്റെ ഐതീഹ്യമായി പറഞ്ഞുവരുന്നത് മഹാബലിയുടെയും വാമനന്റെ കഥയാണ്. ഇതിന് പുറമേ അഞ്ച് ഐതീഹ്യങ്ങള്‍ കൂടി ഓണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. ഇവയെ കുറിച്ച് അറിയാം

തിരുവോണവും മഹാബലിയും

ദേവന്മാരെ പോലും അസൂയപ്പെടുത്തിയ മഹാബലി ചക്രവര്‍ത്തിയുടെ ഓര്‍മ്മദിവസമാണ് ഓണം. അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടിയാണ് മഹാബലി എന്നാണ് വിശ്വാസം. മഹാബലിയുടെ ഭരണകാലത്ത് മാനുഷരെല്ലാം ഒരുപോലെയായിരുന്നു. കള്ളവും, ചതിയും ഇല്ലാതെ സമൃദ്ധിയുടെ കാലം.

എന്നാല്‍ മഹാബലിയുടെ ഭരണം ദേവന്മാരെ അസൂയപ്പെടുത്തി. തുടര്‍ന്ന്, വൈകുണ്ഡത്തില്‍ മഹാവിഷ്ണുവിന്റെ അടുക്കലെത്തി അസൂയാലുക്കളായ ദേവന്മാര്‍ മഹാബലിയെ കുറിച്ച് പറഞ്ഞു. ദേവന്മാരുടെ ആവശ്യപ്രകാരം വാമനവേഷം പൂണ്ട് മഹാവിഷ്ണു മഹാബലിയുടെ അടുക്കലെത്തി ഭിക്ഷചോദിച്ചു. ഈ സമയം വിശ്വജിത്ത് യാഗം ചെയ്തുകൊണ്ടിരുന്ന മഹാബലി അത് നല്‍കാനും താല്‍പര്യം അറിയിച്ചു. മഹാബലിയില്‍ നിന്ന് മൂന്നടി മണ്ണ് വാമനന്‍ ആവശ്യപ്പെട്ടു. ഇത് തിരിച്ചറിഞ്ഞ അസുരഗുരു ശുക്രാചാര്യര്‍ ദാനം നല്‍കുന്നതില്‍ നിന്ന് മഹാബലിയെ വിലക്കി. ഇതിനെ മറി കടന്ന് മൂന്നടി മണ്ണ് അളന്നെടുക്കാന്‍ വാമനന് മഹാബലി അനുവാദം നല്‍കി.

ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി മാറ്റി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. വാമനന്‍ തന്റെ പാദ സ്പര്‍ശത്താല്‍ മഹാബലിയെ അഹങ്കാരത്തില്‍ നിന്ന് മോചിതനാക്കി സുതലത്തിലേക്ക് ഉയര്‍ത്തി.

ആണ്ടിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന് അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി. അങ്ങനെ ഓരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയില്‍ ഉള്ള വിശ്വാസം. ഈ ദിനമാണ് തിരുവോണമായി ആഘോഷിക്കുന്നത്.

പരശുരാമനും ഓണവും

വരുണനില്‍ നിന്ന് കേരള ക്ഷേത്രത്തെ മോചിപ്പിച്ച് പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനം നല്‍കി. എന്നാല്‍ ചിലകാരണങ്ങളാല്‍ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന് പരശുരാമന്‍ വാഗ്ദാനം നല്‍കി. ഈ ദിവസമാണ് ഓണമെന്നുള്ള സങ്കല്‍പ്പം നലനില്‍ക്കുന്നുണ്ട്.

ശ്രീബുദ്ധനും ഓണവും

ശ്രീബുദ്ധനെ ബന്ധപ്പെടുത്തിയും ഓണവുമായുള്ള കഥ നിലനില്‍ക്കുന്നുണ്ട്. പൂര്‍വ്വാശ്രമത്തില്‍ ശ്രീബുദ്ധന്‍ സിദ്ധാര്‍ത്ഥന്‍ എന്ന രാജകുമാരനായിരുന്നു. ശ്രാവണമാസത്തിലെ (ചിങ്ങം) തിരുവോണനാളില്‍ ബോധോദയം ഉണ്ടായാണ് സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധന്‍ എന്ന സന്ന്യാസിയായി മാറുന്നത്. ഈ ശ്രാവണപദ സ്വീകാരം പണ്ട് കേരളത്തില്‍ ആഘോഷിച്ചിരുന്നുവെന്ന് ബുദ്ധമത വിശ്വാസികള്‍ പറയുന്നു. ശ്രാവണമാണ് പിന്നീട് ഓണം എന്ന പേരില്‍ അറിയപ്പെട്ടതെന്നുമുള്ള കഥകള്‍ നിലിനില്‍ക്കുന്നു.

ചേരമാന്‍ പെരുമാളും ഓണവും

ഓണവുമായി ബന്ധപ്പെട്ടിരിക്കുന്ന നാലാമത്തെ ഐതീഹ്യം ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മക്കത്തുപോയതെന്നാണ് കഥ. ഇതിന്റെ ഓര്‍മ്മദിവസമാണ് ഓണമെന്നും പറയുന്നു.

സമുദ്രഗുപ്തനും ഓണവും

ഗുപ്തസാമ്രാജ്യത്തിലെ ഭരണാധികാരിയായ സമുദ്രഗുപ്തന്‍ കേരളത്തിലെ തൃക്കാക്കരയും ആക്രമിച്ചു. എന്നാല്‍ കേരള രാജാവായിരുന്ന മന്ഥരാജാവ് ആക്രമണത്തെ പ്രതിരോധിച്ചു. രാജാവിന്റെ പ്രതിരോധത്തിലും സാമര്‍ത്ഥ്യത്തിലും സമുദ്രഗുപ്തന്‍ ആകൃഷ്ടനായി. അങ്ങനെ ഇരുവരുമായുള്ള യുദ്ധം പരിസമാപ്തിയില്‍ എത്തി. ഇതിന്റെ സ്മരണക്കായി ഓണം ആഘോഷിക്കാന്‍ രാജാവ് വിളംബരം ചെയ്തുവെന്നാണ് ഐതീഹ്യം.

തൃക്കാക്കര ക്ഷേത്രവും ഓണവും

വാമന പ്രധാന പ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങള്‍ വളരെ വിരളമാണ്. അതില്‍ ഒന്നാണ്, എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ സ്ഥിതി ചെയ്യുന്ന തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഓണം തന്നെയാണ്. ഈ ദിവസത്തെ ഓണസദ്യയും വളരെ കെങ്കേമമാണ്. ഇതിനുപുറമേ മഹാബലിയുടെ ആസ്ഥാനം തൃക്കാക്കര ആയിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.

ഓണം വാമനജയന്തിയാണെന്നുള്ള വാദങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതിന് തൃക്കാക്കര ക്ഷേത്രവുമായി ബന്ധുമുണ്ട്. തൃക്കാക്കരയുടെ മഹത്വം കേട്ടറിഞ്ഞ കപിലമഹര്‍ഷി മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി ഇവിടെയെത്തി കഠിനതപസ് അനുഷ്ഠിച്ചു. അങ്ങനെ, തപസിന്റെ സംതൃപ്തനായ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് മഹര്‍ഷിയുടെ ആഗ്രഹപ്രകാരം ഇവിടെ തന്നെ കുടികൊള്ളാന്‍ തീരുമാനിച്ചു.

മഹാവിഷ്ണു വാമനാവതാരം പൂണ്ട് പാദം വന്നുപതിച്ച സ്ഥലം എന്ന അര്‍ത്ഥത്തിലാണ് തിരുക്കാല്‍ക്കര എന്ന പേര് ഈ സ്ഥലത്തിന് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button