KeralaLatest NewsNews

ഒടുവില്‍ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയെ…കൂട്ടുകാരി ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യം ആ പാവം നായയ്ക്കു മാത്രം ഇനിയും മനസിലായിട്ടില്ല

മൂന്നാര്‍ • ആ സ്‌നേഹം വിവരിക്കാന്‍ ഈ വാക്കുകള്‍ പോര….തന്റെ കളിക്കൂട്ടുകാരിയായ കുഞ്ഞു ധനുവിനെ തപ്പി കണ്ണീരൊലിപ്പിച്ച് കുവി നടക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി. അവള്‍ ഇന്നുവരും നാളെവരും എന്ന പ്രതീക്ഷയിലായിരുന്നു അവളുടെ പ്രിയപ്പെട്ട സഹചാരികൂടിയായിരുന്ന നായ കുവി. ഒടുവില്‍ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാതിരുന്ന തന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരിയെ കുവി തന്നെ കണ്ടെത്തി. കുഞ്ഞു ധനുവിന്റെ ചേതനയറ്റ ശരീരം അവന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്കു കാട്ടിക്കൊടുത്തു. കുഞ്ഞുവിരലുകളാല്‍ സ്‌നേഹം പകര്‍ന്നുകൊടുത്ത കൂട്ടുകാരി ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യം ആ പാവം നായയ്ക്കു മാത്രം ഇനിയും മനസിലാക്കാനാവില്ല.

പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി കാണാതായവര്‍ക്കുള്ള തിരച്ചിലിന്റെ എട്ടാംദിനത്തില്‍ രാവിലെ 11 മണിയോടെയാണ് ധനുഷ്‌കയെന്ന രണ്ട് വയസ്സുകാരിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയത്. ധനുഷ്‌കയുടെ വീട്ടിലുണ്ടായിരുന്നു കുവിയെന്ന് വിളിക്കുന്ന വളര്‍ത്തു നായയാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്. പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയില്‍ കുറുകെ കിടന്നിരുന്ന മരത്തില്‍ തങ്ങിനിന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും പോലീസും പെട്ടിമുടിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെയുള്ള ഗ്രാവല്‍ ബങ്ക് എന്ന സ്ഥലത്താണ് തിരച്ചില്‍ നടത്തിയിരുന്നത്.ഇതിന് സമീപത്തുള്ള പാലത്തിനു അടി വശത്തായിരുന്നു കുട്ടി വെള്ളത്തില്‍ താഴ്ന്നു കിടന്നത്.

വളര്‍ത്തു നായ കുട്ടിയുടെ മണം പിടിച്ച് രാവിലെ മുതല്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പുഴയില്‍ നോക്കി നില്‍ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ആ പ്രദേശത്ത് തിരച്ചില്‍ നടത്തിയതോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തില്‍ ജീവനോടെയുള്ളത്.

അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയുടെയും സഹോദരി പ്രിയദര്‍ശിനിയെയും ഇനി കണ്ടെത്താനുണ്ട്. ഡീന്‍ കുര്യാക്കോസ് എംപിയും തിരച്ചില്‍ നടക്കുന്ന ഗ്രാവല്‍ ബങ്കില്‍ എത്തിയിരുന്നു.കുട്ടിയെ കണ്ടെത്തിയതിനു പിന്നാലെയും കുവി അവിടെ തന്നെ കിടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button