തിരുവനന്തപുരം, എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തിനു പിന്നാലെ മന്ത്രി കെ.ടി ജലീലിനു കുരുക്കായി വീണ്ടും നിയമനവിവാദം. എം.ജി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ബോര്‍ഡ‍് ഓഫ് സ്റ്റഡീസില്‍ എഴുത്തുകാരി കെ. ആര്‍ മീരയെ അംഗമാക്കിയതാണ് ഇപ്പോഴത്തെ വിവാദം. യൂണിവേഴ്സിറ്റിയോ, സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ തലപ്പത്തുള്ളവരോ അറിയാതെയാണ് മീരയുടെ നിയമനം നടന്നിരിക്കുന്നത്. നിയമനത്തിനു പിന്നില്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നാണ് വിമര്‍ശനം.പുറത്തു നിന്നുള്ള വിദഗ്ദ എന്ന നിലയിലാണ് സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ മീരയെ നിയോഗിച്ചിരിക്കുന്നത്. മറ്റൊരാളുടെ പേരുവെട്ടിയാണ് മീരയുടെ പേര് എഴുതിച്ചേര്‍ത്തത്. അക്കാദമിക് വിദഗ്ദ്ധരെ മാത്രം നിയമിക്കുന്ന പോസ്റ്റിലേക്ക് എഴുത്തുകാരിയെ നിയോഗിച്ച് രാഷ്ട്രീയ ഇടപെടലാണ് നടത്തിയിരിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.
യൂണിവേഴ്സിറ്റി ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറാണ് നിയമനം നടത്തിയിരി ക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മന്ത്രി കെ.ടി ജലീല്‍ നടത്തിക്കൊണ്ടിരുന്ന വിവാദ നിയമനങ്ങളുടെ പട്ടികയിലേക്കാണ് മീരയുടെ നിയമനവും വന്നിരിക്കുന്നത്.
നിലവില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിലും യുഎഇ കോണ്‍സുലേറ്റ് വഴി രഹസ്യമായി പാഴ്സലുകള്‍ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്ടിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് എത്തിച്ചതിന്റെ പേരിലും കെ.ടി ജലീല്‍ വിവാദത്തില്‍ തുടരുകയാണ്.
എം.ജി യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് നല്‍കിയ അംഗങ്ങളുടെ പുതിയ പട്ടികയില്‍ മീരയുടെ പേരുണ്ടായിരുന്നില്ല. പട്ടിക വന്നശേഷം യൂണിവേഴ്സിറ്റിയുടെ തലപ്പത്തുള്ളവര്‍ അറിയാതെ മീരയുടെ പേരെഴുതിച്ചേര്‍ത്തതില്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സര്‍വകലാശാലയില്‍ നിലവിലുള്ള പതിനഞ്ചു ബോര്‍ഡ് ഓഫ് സ്റ്റഡീസും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ വന്ന പട്ടികയിലാണ് മീരയുടെ പേര് എഴുതിച്ചേര്‍ത്തത്.സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ മീരയുടെ നിയമനം വന്നത് യൂണിവേഴ്സിറ്റി അറിഞ്ഞിട്ടാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി വൈസ് ചാന്‍സലര്‍ സാബു തോമസിന്റെ ഭാഗത്തു നിന്നും ലഭിച്ചില്ല.
Post Your Comments