ലോകത്തിലെതന്നെ ആദ്യ കോവിഡ് വാക്സീനെന്ന പ്രഖ്യാപനത്തോടെ റഷ്യ പുറത്തിറക്കിയ സ്പുട്‌നിക്–5 വാക്സിന്റെ ഫലമറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. വാക്‌സീൻ ആദ്യമായി പ്രയോഗിക്കപ്പെട്ട തന്റെ മകളിൽ ആന്റിബോഡി ഉൽപാദനം മികച്ച രീതിയിൽ നടന്നെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കുന്നത്. മകൾക്ക് ആദ്യം ചെറിയൊരു പനിയുണ്ടായിരുന്നു. രണ്ടാം ദിവസം അത് കുറഞ്ഞു. പിറ്റേന്ന് മികച്ച പ്രതിരോധ ശേഷി കാണിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു കൂട്ടം വൊളന്റിയർമാരിലും ഈ വാക്‌സിൻ പരീക്ഷിച്ചിരുന്നു. അവർക്കെല്ലാവർക്കും 21–ാം ദിവസം മികച്ച രീതിയിൽ പ്രതിരോധശേഷി ലഭിച്ചെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം.
അതേസമയം മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായി വേണം വാക്‌സിൻ നിർമിക്കേണ്ടതെന്നാണ് ഡബ്ല്യുഎച്ച്ഒ വാദം. സംഘടന നിർദേശിക്കുന്ന ഘട്ടങ്ങളിലൂടെയുള്ള പരീക്ഷണം പൂർത്തിയാക്കണം. അതിനു നിശ്ചിത കാലാവധിയും ഡബ്ല്യുഎച്ച്ഒ നൽകിയിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് റഷ്യ പരീക്ഷണം നടത്തിയതും ഇപ്പോൾ വാക്‌സിൻ വിജയകരമാണെന്നു പറയുന്നതെന്നുമാണ് ഡബ്ല്യുഎച്ച്ഒ വാദിക്കുന്നത്.
Post Your Comments