Latest NewsKeralaNews

മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഹൻ റോയ്

തിരുവനന്തപുരം • ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന നിലയിൽ, ഭരണാധികാരികളുടേയും ഉദ്യോഗസ്ഥ സംവിധാനങ്ങളുടേയും സുതാര്യത, പൊതുജനങ്ങളുമായി പങ്കു വെക്കുക എന്ന ഒരു വലിയ ചുമതല ഏറ്റെടുത്തിരിയ്ക്കുന്നവരാണ് മാധ്യമങ്ങൾ. എന്നാൽ ഈ ചുമതലകൾ, സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിലൂടെ നിർവ്വഹിച്ചു കൊണ്ടിരിക്കുന്ന മാധ്യമപ്രവർത്തകരെ, സമൂഹമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യാനും അവരുടെ കുടുംബാംഗങ്ങളെപ്പോലും വ്യക്തിഹത്യ നടത്താനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ സൈബർ ഗുണ്ടകളിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ പ്രവണതകൾക്കെതിരേ ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ലളിതാംബിക അന്തർജ്ജനം അവാർഡ് ജേതാവ് കൂടിയായ പ്രശസ്ത കവി സോഹൻ റോയ്. ‘കൂലിപ്പോരാളി ‘ എന്ന നാലു വരിയുള്ള അണുകവിത, സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്

കൂലിപ്പോരാളി

ചോദ്യങ്ങളമ്പായി നേരേയണയുമ്പോൾ
ചോരയ്ക്കു ചോരയായ് ഉത്തരമേകാതെ
ചേറേറുവീരരെ കൂലിയ്ക്കെടുത്താൽ
ചേലയഴിച്ചോടാം ഇ-വാർത്ത മൂടുവാൻ

സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദ്ദേശീയ തലത്തിലും ഓരോ ദിവസവും ഉണ്ടാകുന്ന പ്രധാന സംഭവങ്ങളെ, അതാതു രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടു വിശകലനം ചെയ്യുന്ന രീതിയിലുള്ള വാർത്താ പരിപാടികൾ എല്ലാ മാധ്യമങ്ങളും നടത്താറുണ്ട്. ഇത്തരം പരിപാടികളിൽ അവതാരകരിൽ നിന്ന് രാഷ്ട്രീയമായ ചോദ്യങ്ങൾ നേരിടേണ്ടിവരുമ്പോൾ പ്രതിരോധത്തിലാവുന്ന രാഷ്ട്രീയ നേതാക്കൾ, പിന്നീട് അവരുടെ അണികളെ ഉപയോഗപ്പെടുത്തിക്കോണ്ട്, ചോദ്യങ്ങൾ ചോദിച്ച അവതാരകരെ അവരുടെ ഫേസ്ബുക്ക് പേജിലൂടെയും മറ്റും ആക്ഷേപിക്കുന്നതിനെ പരിഹസിയ്ക്കുന്നതാണ് ഈ കവിതയിലെ ഇതിവൃത്തം. ചോദ്യങ്ങൾക്ക് അതേനാണയത്തിൽ ഉത്തരം കൊടുക്കാതെ, ചേറുവാരി എറിയുന്നതിൽ പരിശീലനം നേടിയ സൈബർ ഗുണ്ടകളെ കൂലിയ്ക്ക് എടുത്തുകൊണ്ട് അതിക്രമം നടത്തുവാൻ ഒരുമ്പെട്ടാൽ, അത്തരക്കാരായിരിയ്ക്കും അവസാനം ‘തുണി അഴിഞ്ഞു പോകുന്ന ‘ അവസ്ഥയിലെത്തുക എന്ന് കവിത പറയുന്നു. ഇതുപോലുള്ള സൈബർ ഗുണ്ടകളെ ഓൺലൈൻ വാർത്തകളിലൂടെ വെളിച്ചത്തുകൊണ്ടുവരാൻ പ്രാപ്തി ഉള്ളവരാണ് മാധ്യമപ്രവർത്തകരെന്നും, അവസാനം അഴിഞ്ഞുപോയ സ്വന്തം ഉടുമുണ്ട് കൊണ്ട് സ്വന്തം അനുയായികളെ മറച്ചു പിടിക്കേണ്ട ഗതികേട് രാഷ്ട്രീയ പ്രവർത്തകർക്ക് ഉണ്ടാകുമെന്നും കവി ഓർമിപ്പിക്കുന്നു. മാധ്യമ പ്രവർത്തകർക്ക് നേരെ ഇപ്പോൾ നടക്കുന്ന ഈ സൈബർ ആക്രമണത്തിനെതിരേ ആദ്യമായി പ്രതികരിച്ച കവി കൂടിയാണ് സോഹൻ റോയ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button