ന്യൂഡല്‍ഹി • സുരക്ഷാ നിയമലംഘനത്തെത്തുടർന്ന് വീഴ്ചയുടെ പേരില്‍ രാജ്യത്തെ പ്രമുഖ ചെലവ് കുറഞ്ഞ വിമാനകമ്പനിയായ ‘എയര്‍ ഏഷ്യ ഇന്ത്യ’യുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) സസ്പെന്‍ഡ് ചെയ്തു.
ഓപ്പറേഷൻസ് മേധാവി മനീഷ് ഉപ്പാൽ, വിമാന സുരക്ഷാ മേധാവി മുകേഷ് നേമ എന്നിവവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഷന്‍. ഒരാഴ്ച മുമ്പാണ് നടപടിയുണ്ടായതെങ്കിലും ഇപ്പോഴാണ് പുറത്തുവരുന്നത്.
ഈ വർഷം ജൂണിൽ, എയർ ഏഷ്യ ഇന്ത്യയുടെ മുൻ പൈലറ്റുമാരിൽ ഒരാൾ, ഫ്ലൈയിംഗ് ബീസ്റ്റ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ വിമാനക്കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡി.ജി.സി.എ രണ്ട് എയർ ഏഷ്യ ഇന്ത്യ എക്സിക്യൂട്ടീവുകൾക്ക് ജൂണ്‍ മാസത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ ഇപ്പോൾ തീരുമാനിച്ചുവെന്നും ഡി.ജി.സി.എ അധികൃതര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് എയര്‍ ഏഷ്യ ഇന്ത്യ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ഇന്ധനം ലാഭിക്കാൻ അനുവദിക്കുന്ന “ഫ്ലാപ്പ് 3” മോഡിൽ 98 ശതമാനം ലാൻഡിംഗും ചെയ്യാൻ എയർലൈൻ പൈലറ്റുമാരോട് ആവശ്യപ്പെട്ടതായി മുന്‍ പൈലറ്റ് തനേജ വീഡിയോയിൽ ആരോപിച്ചു. . “ഫ്ലാപ്പ് 3” മോഡിൽ 98 ശതമാനം ലാൻഡിംഗും പൈലറ്റ് ചെയ്യുന്നില്ലെങ്കിൽ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന്റെ (എസ്.ഒ.പി) ലംഘനമായി വിമാനക്കമ്പനി കണക്കാക്കും.
ഫ്ലാപ്പുകൾ ഒരു വിമാനത്തിന്റെ ചിറകുകളുടെ ഭാഗമാണ് . ലാന്‍ഡിംഗ്, ടേക്ക് ഓഫ് ദൂരങ്ങള്‍ കുറയ്ക്കുന്നതിനായാണ് ഫ്ലാപ്പുകള്‍ ഉപയോഗിക്കുന്നത്.
ലാൻഡിംഗിന് സമീപിക്കുമ്പോൾ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് വിമാനം കൂടുതൽ കുത്തനെ ഇറങ്ങേണ്ടി വരുന്ന ഇംഫാൽ വിമാനത്താവളത്തിന്റെ ഉദാഹരണം തനേജ നൽകി. ഒരു വിമാനം കുത്തനെ താഴേക്കിറങ്ങുമ്പോൾ വേഗത മന്ദഗതിയിലാകണം. ഈ സാഹചര്യങ്ങളിൽ ഒരു പൈലറ്റിന് “ഫ്ലാപ്പ് ഫുൾ” ലാൻഡിംഗ് നടത്തേണ്ടതുണ്ട്. എന്നാല്‍ പൈലറ്റുമാര്‍ വിമാനക്കമ്പനിയുടെ ടാര്‍ജറ്റ് നേടുന്നതിന് സുരക്ഷിതമാണോ അരക്ഷിതമാണോ എന്ന് പരിഗണിക്കാതെ അവർ ഫ്ലാപ്പ് 3 ലാൻഡിംഗുകൾ ചെയ്യും. ഇത് യാത്രക്കാരുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നുവെന്നും അദ്ദേഹം തന്റെ വീഡിയോയില്‍ അവകാശപ്പെടുന്നു.
ഒരു ഫ്ലാപ്പ് 3 ലാൻഡിംഗിനിടെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, ഇന്ധനം ലാഭിക്കുന്നതാണോ 180 യാത്രക്കാരുടെ ജീവനെക്കുറിച്ചോണോ കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് എന്ന് പൈലറ്റിനോട് ചോദിക്കും, തനേജ പറഞ്ഞു.
ജൂൺ 15 ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ട്വിറ്ററിലൂടെ “ഒരു പ്രത്യേക എയർലൈനിനെതിരെയും സുരക്ഷയോടുള്ള സമീപനത്തിനെതിരെയും” ചിലര്‍ ഉന്നയിച്ച ആശങ്കകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചിരുന്നു.
ഉന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് ഡി.ജി.സിഎ ഇതിനകം അന്വേഷണം ആരംഭിച്ചു, ഈ അന്വേഷണത്തിന്റെ ഫലത്തെ അടിസ്ഥാനമാക്കി ഉചിതമായ നടപടി സ്വീകരിക്കും, ”റിപ്പോർട്ടിൽ പറയുന്നു.
തനേജയുടെ ആരോപണത്തെത്തുടർന്ന് എയർ ഏഷ്യ ഇന്ത്യയ്ക്കെതിരെ അന്വേഷണം നടക്കുന്നതായി മുതിർന്ന ഡി.ജി.സി.എ അധികൃതർ ജൂൺ 15 ന് തന്നെ സ്ഥിരീകരിച്ചിരുന്നു.
Post Your Comments