തിരുവനന്തപുരം: വീരേന്ദ്രകുമാറിന്റെ നിര്യാണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 24ന് നടക്കാനിരിക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. ലാല്‍വര്‍ഗീസ് കല്‍പ്പകവാടിയാകും യുഡിഫിന്റെ സ്ഥാനാര്‍ത്ഥി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എംവി ശ്രേയാംസ് കുമാറാകും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
ജയസാധ്യത കുറവാണെങ്കിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ ഈസി വാക്കോവര്‍ ഉണ്ടാകുമെന്നും അത് രാഷ്ട്രീയ തിരിച്ചടിക്ക് കാരണമായേക്കുമെന്ന യുഡിഎഫ് കണക്കുകൂട്ടലിനെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ തീരുമാനമെന്താകുമെന്നതാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന ജോസ് വിഭാഗം അവരുടെതായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ യുഡിഎഫിന് അതൊരു തിരിച്ചടിയായി മാറും.
അതേസമയം രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഇന്ന് മുതല്‍ ഈ മാസം പതിമൂന്ന് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി. ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകനാകും.
Post Your Comments