കുവൈത്ത് സിറ്റി : കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ സിബി ജോര്‍ജ്ജ് നാളെ സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ എംബസിയുടെ ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിധം കഴിഞ്ഞ നാലു മാസക്കാലമായി നാഥനില്ലാ കളരിയായി മാറിയ എംബസി യുടെ തലപ്പത്ത് ചുമതലയേക്കുന്ന അദ്ധേഹത്തെ കാത്തിരിക്കുന്നതും നിരവധി പ്രതിസന്ധികളാണ്.
നിലവില്‍ എംബസിയുടെ ഭാഗത്ത് നിന്ന് നിരന്തരമായി ഉണ്ടായി കൊണ്ടിരിക്കുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ കൊണ്ടും പൊതു ജനങ്ങള്‍ക്കിടയില്‍ വികൃതമായിരിക്കുന്ന പ്രതിച്ഛായ മാറ്റിയെടുത്ത് എംബസിയെ ജനകീയമാക്കുക എന്നതാണ് അദ്ദേഹത്തെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്.
എംബസിയുടെ തൊഴില്‍ വകുപ്പിനു എതിരെ ഉയര്‍ന്നു വന്നിട്ടുള്ള ഗുരുതരമായ ക്രമക്കേടുകള്‍, അഭയ കേന്ദ്രത്തിലെ അന്തേവാസികളായ സ്ത്രീകള്‍ക്ക് എതിരെ നടന്നതായി പറയപ്പെടുന്ന ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍, വളണ്ടിയര്‍ പാസിന്റെ മറവില്‍ ഉദ്യോഗസ്ഥരുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ചിലരുടെ അനധികൃത ഇടപാടുകള്‍ മുതലായ വിഷയങ്ങളിലാണ് സമീപ കാലത്ത് എംബസിക്ക് എതിരെ പൊതുജന രോഷം ഉയര്‍ന്നു വരാന്‍ കാരണമായത്. ഈ വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാണ് പൊതുവായ അഭിപ്രായം ഉയര്‍ന്നു വരുന്നത്.
എംബസിയുടെ അനാസ്ഥ ചോദ്യം ചെയ്യാന്‍ സാധ്യതയുള്ള സംഘടനാ നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും മാറ്റി നിര്‍ത്തി പകരം റാം മൂളികളായവരെ ചേര്‍ത്തു നിര്‍ത്തുന്ന നിലപാട് ആണ് എംബസി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു വന്നത്. പുതിയ സ്ഥാനപതിയുടെ ശ്രദ്ധ ഈ വിഷയത്തിലും പതിയേണ്ടതാണ്. ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പുതിയ സ്ഥാനപതിയുടെ സാന്നിധ്യം ഇന്ത്യന്‍ സമൂഹം ഏറെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.
സ്വദേശി വിദേശി ജനസംഖ്യാ അസന്തുലിതത്തം പരിഹരിക്കുന്നതിന്റെ ഭാഗമായി ഓരോ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ക്വാട്ട സമ്പ്രദായം നടപ്പിലാക്കാനുള്ള അന്തിമ ഘട്ടത്തിലാണു കുവൈത്ത്.ഇത് പ്രകാരം മൊത്തം ജന സംഖ്യയുടെ 15 ശതമാനം മാത്രമാണു ഇന്ത്യക്കാരുടെ എണ്ണം പാടുള്ളൂ.. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. തീരുമാനം നടപ്പാക്കിയാല്‍ പത്തരലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെയാകും ഏറ്റവും.അധികം പ്രതികൂലമായി ബാധിക്കുക. മികച്ച നയതന്ത്ര ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കുവൈത്ത് സര്‍ക്കാരിന്റെ ഈ തീരുമാനം പുന പരിശോധന ചെയ്യിക്കുവാനും പുതിയ സ്ഥാനപതിക്ക് കഴിഞ്ഞേക്കും എന്നും ഇന്ത്യന്‍ സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.
സൗദി അടക്കമുള്ള രാജ്യങ്ങളില്‍ ഏറെ സ്ഥുത്യര്‍ഹമായ സേവനം കാഴ്ച വെച്ച അദ്ദേഹം മികച്ച പ്രതിച്ഛായയോടു കൂടിയാണ് കുവൈത്തില്‍ സ്ഥാനമേല്‍ക്കുന്നത്. അറബിക് ഭാഷയില്‍ പാണ്ഠിത്യമുള്ള സ്ഥാനപതിക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുവാനും കഴിയുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. അഴിമതി രഹിതനായ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എംബസിയില്‍ ഒരു അടിയന്തിര ശുദ്ധികലശത്തിനു അദ്ദേഹം മുന്‍ കയ്യെടുക്കുമെന്ന് തന്നെയാണു അദ്ധേഹത്തെ അറിയുന്നവര്‍ പങ്കു വെക്കുന്നത്.
കോട്ടയം പാലാ സ്വദേശിയാണു സിബി ജോര്‍ജ്ജ്. 1993 ഐ.എഫ്.എസ് ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം സ്വിസര്‍ലാന്റിലെ ഇന്ത്യന്‍ സ്ഥാനപതി സ്ഥാനത്തു നിന്നാണു കുവൈത്തില്‍ എത്തുന്നത്. 93 ബാച്ചിലെ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായ ഇദ്ധേഹം കെയ്റോ, ദോഹ, ഇസ്ലാമാബാദ്, വാഷിംഗ്ടണ്‍, ടെഹ്റാന്‍, റിയാദ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിയാദിലെ ഇന്ത്യന്‍ എംബസി മിഷന്‍ ഡെപ്യൂട്ടി ചീഫായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് 2014ല്‍ മികച്ച വിദേശകാര്യ സേവനത്തിനുള്ള എസ്.കെ. സിംഗ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
പാലാ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയും സിഇഒയുമായിരുന്ന പി.ടി. ജോര്‍ജിന്റെയും അമ്മിണിയുടെയും മകനാണ് സിബി ജോര്‍ജ്. 1967ല്‍ ജനിച്ച സിബി, പാലാ സെന്റ് വിന്‍സെന്റ് സ്‌കൂള്‍, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. കയ്റോയിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലായിരുന്നു ഉപരിപഠനം. ചേര്‍ത്തല പാന്‍പൂരേത്ത് കുടുംബാംഗം ജോയിസാണ് ഭാര്യ. എല്‍ഹിത, ആയില്യ, വക്കന്‍ എന്നിവരാണ് മക്കള്‍.
Post Your Comments