കറാച്ചി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പേസര്‍മാരെ കുത്തിനിറച്ച ടീം സെലക്ഷനെതിരെ തുറന്നടിച്ച് മുന്‍ താരം ഷൊയൈബ് അക്തര്‍. ഇവരെന്താണ് ചെയ്യുന്നതെന്നും ടീം ലിസ്റ്റ് വരുമ്പോള്‍ മാത്രമെ അവരെന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാവുകയുള്ളു. ഈ നിമിഷം വരെയ്ക്കും നമുക്ക് ഒന്നും അറിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മുന്‍ താരം റഷീദ് ലത്തീഫുമായി ജിയോ ക്രിക്കറ്റില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു പാക് ടീം മാനേജ്‌മെന്റിന്റെ മോശം സെലക്ഷനെ അകതര്‍ വിമര്‍ശിച്ചത്.
ഓഗസ്റ്റ് 5 ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 29 അംഗ ടീമിനെയാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. ഇതില്‍ 22 ഫാസ്റ്റ് ബൗളര്‍മാരെയാണ് മാനേജ്‌മെന്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നസീം ഷാ, വഹാബ് റിയാസ്, ഷഹീന്‍ ഷാ അഫ്രീദി, ഉസ്മാന്‍ ഷിന്‍വാരി, മുഹമ്മദ് അബ്ബാസ് എന്നിവരാണ് പാകിസ്ഥാന്റെ ഫാസ്റ്റ് ബൗളിംഗ് ഓപ്ഷനുകള്‍. യാസിര്‍ ഷാ, ഷദാബ് ഖാന്‍, കാശിഫ് ഭട്ടി എന്നിവരാണ് സ്പിന്നര്‍മാര്‍.
ഞാന്‍ അറിയാത്തതുകൊണ്ടാണ് ചോദിക്കുന്നത്. ഇവരെന്താണ് ഈ ചെയ്യുന്നത്, ഇംഗ്ലണ്ട് പര്യടനത്തിന് അവര്‍ 20 അംഗ ടീമിനെ പ്രഖ്യാപിച്ചു. ആ ഇരുപതില്‍ 22 ഓളം ഫാസ്റ്റ് ബൗളര്‍മാരുണ്ട്. ഇവരിലാരെയാകും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുക. കാത്തിരുന്നു കാണുകയെ നിര്‍വാഹമുള്ളു. എന്താണ് ടീം മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത് എന്നോ, എത്തരത്തിലുള്ള പിച്ചുകളിലായിരിക്കും അവിടെ കളിക്കേണ്ടി വരികയെന്നോ ഇവര്‍ക്ക് ഒരു ധാരണയും ഇല്ല. ടീം ലിസ്റ്റ് വരുമ്പോള്‍ മാത്രമെ അവരെന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാവുകയുള്ളു. ഇതുവരെ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒന്നും അറിയില്ലെന്നും അക്തര്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന്‍ ആക്രമണോത്സുകത പുറത്തെടുക്കുമോ പ്രതിരോധാത്മക സമീപനമായിരിക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നും അക്തര്‍ പറഞ്ഞു. അവര്‍ സമനിലയ്ക്കോ ജയിക്കാനോ ഉള്ള മനോഭാവത്തോടെയാണോ പോകുന്നതെന്ന് എനിക്കറിയില്ല. പാക് നായകനായ അസ്ഹര്‍ അലിയില്‍ എന്തായാലും അക്രമണോത്സുകതയൊന്നും താന്‍ കാണുന്നില്ലെന്നും അക്തര്‍ പറഞ്ഞു.
ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ടീം: അസർ അലി (നായകൻ), ബാബർ അസം (വിക്കറ്റ് കീപ്പർ), അബിദ് അലി, ആസാദ് ഷാഫിക്, ഫഹീം അഷ്‌റഫ്, ഫവാദ് ആലം, ഇമാം ഉൽ ഹഖ്, ഇമ്രാൻ ഖാൻ, കാശിഫ് ഭട്ടി, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് റിസ്വാൻ, നസീം ഷാ, സർഫറാസ് അഹമ്മദ്, ഷദാബ് ഖാൻ, ഷഹീൻ ഷാ അഫ്രീദി, ഷാൻ മസൂദ്, സൊഹൈൽ ഖാൻ, ഉസ്മാൻ ഷിൻവാരി, വഹാബ് റിയാസ്, യാസിർ ഷാ
Post Your Comments