ലക്‌നൗ: വികാസ് ദുബേക്ക് പിന്നാലെ ഉത്തർപ്രദേശിൽ കുപ്രസിദ്ധ ഗുണ്ടാനേതാവായ ടിങ്കു കപാല പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇയാളുടെ തലയ്ക്ക് പൊലീസ് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. . ലക്നൗവിലെ ബരബങ്കിയിൽ കഴിഞ്ഞ രാത്രിയാണ് സംഭവം. ഒരു വലിയ കുറ്റകൃത്യത്തിനായി ടിങ്കു കപാല തയ്യാറെടുക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾ സഞ്ചരിച്ചിരുന്ന റോഡിൽ പ്രത്യേക പൊലീസ് സംഘം നിലയുറപ്പിച്ചു. തുടർന്ന് അവിടേക്ക് എത്തിയ കപാല പൊലീസിനെ കണ്ടതും വെടിയുതിർത്തു. പിന്നാലെ നടന്ന ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നു.
കഴിഞ്ഞ വർഷം ഒരു സ്വർണ്ണക്കടയിൽ മോഷണം നടത്തുന്നതിനിടെ രണ്ട് പേരെ കൊലപ്പെടുത്തിയ ടിങ്കു കപാല ഒളിവിലായിരുന്നു. കൊലപാതകം പിടിച്ചുപറി ഉൾപ്പെടെ 27 കേസുകളാണ് ലക്നൗവിൽ മാത്രം ടിങ്കു കപാലയ്ക്കെതിരെയുള്ളത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഇയാൾക്കെതിരെ കേസുകൾ ഉള്ളതായും പൊലീസ് അറിയിച്ചു. ഇരുപത് വർഷമായി പൊലീസിന്റെ നോട്ടപ്പുള്ളിയാണ് ടിങ്കു കപാലെയെന്ന് ഉത്തർപ്രദേശ് ഡിജിപി വ്യക്തമാക്കി.
Post Your Comments