ലക്‌നൗ : കുംഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കും. ജസ്റ്റിസ് ഹര്‍ഷ് കുമാറിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ സംഘമാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുക.
സംഘം ഇന്ന് പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടും. ഒപ്പം പോലീസും അപകടത്തെക്കുറിച്ച് സമാന്തര അന്വേഷണം നടത്തും. ഉന്നത ഉദ്യോഗസ്ഥരോട് കുംഭമേള നഗരി സന്ദര്‍ശിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപകടത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരില്‍ നാലുപേര്‍ കര്‍ണാടക സ്വദേശികളാണ്. ബെലഗാവിയില്‍ നിന്നുള്ള അമ്മയും മകളും ഉള്‍പ്പെടുന്ന തീര്‍ഥാടകരാണ് മരിച്ചത്. കര്‍ണാടക സര്‍ക്കാര്‍ ഒരു ഐ എ എസ് ഓഫീസറെയും ഒരു ഐ പി എസ് ഓഫീസറെയും അപകടമുണ്ടായ പ്രയാഗ് രാജിലേക്കയച്ചു.
മൃതദേഹങ്ങള്‍ വാരണാസിയില്‍ എത്തിച്ച ശേഷം എയര്‍ ആംബുലന്‍സില്‍ ബെലഗാവിയിലേക്കു കൊണ്ടുവരും. മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിയാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അതേസമയം ജുഡീഷ്യല്‍ അന്വേഷണം കണ്ണില്‍ പൊടിയിടാനാണെന്നും അപകടത്തിന് കാരണം സര്‍ക്കാരാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
Post Your Comments