തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്. ഉച്ചക്ക് ശിവശങ്കറിന്റെ പൂജപ്പുര വീട്ടിലെത്തി എന്‍.ഐ.എ നോട്ടീസ് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിനായി അദ്ദേഹം ഹാജരായത്.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലക്കാണ് കേസില്‍ എന്‍ഐഎയുടെ നടപടി. ചോദ്യാവലി തയ്യാറാക്കിയാണ് ദേശീയ അന്വേഷണ ഏജന്‍സി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. എന്തെങ്കിലും തരത്തില്‍ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയുന്ന സാഹചര്യം ഉണ്ടായാല്‍ തുടര്‍ നടപടികളുമായി അന്വേഷണ ഏജന്‍സി മുന്നോട്ട് പോകും.
നേരത്തേ കസ്റ്റംസ് ഒമ്പത് മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഒന്നാം പ്രതി സരിത്ത് ശിവശങ്കറിനെതിരെ മൊഴിയും നല്‍കിയിരുന്നു. പ്രതികളുടെ മൊഴി വിലയിരുത്തിയ ശേഷമാണ് ചോദ്യം ചെയ്യല്‍. പ്രതികളും ശിവശങ്കറുമായുള്ള ബന്ധം സംബന്ധിച്ച് വിവരങ്ങള്‍ എന്‍.ഐ.എ ആരായും. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ലാറ്റില്‍ വച്ചാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എന്നാണ് കണ്ടെത്തില്‍. അവിടെ എം ശിവശങ്കറിന് ഫ്‌ലാറ്റുണ്ട് എന്നത് മാത്രമല്ല സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്ക് അവിടെ ഫ്‌ലാറ്റ് എടുത്ത് നല്‍കാന്‍ ഇടപെട്ടതും എം ശിവശങ്കറാണെന്ന വിവരം പുറത്ത് വന്നിരുന്നു.
Post Your Comments