കാസർഗോഡ് • ‘ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ക്ക് ഇളവ് വന്നതോടെ മംഗലാപുരത്തേക്ക് ദിനംപ്രതി ജോലിക്ക് പോയി വരുകയായിരുന്നു ഞാന്‍. കുറച്ച് ദിവസം തുടര്‍ച്ചയായി പോയി വന്നതോടെ ചുമ,ശരീര വേദനയടക്കമുളള രോഗലക്ഷണങ്ങള്‍ എന്നില്‍ കണ്ടുതുടങ്ങി.
പിന്നെ ഞാന്‍ ഒട്ടും മടിക്കാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുകയും ഫലം വരുന്നതുവരെ റൂം ക്വാറന്റൈയിന്‍ നില്‍കുകയും ചെയ്തു. പരിശോധനാഫലം ജൂലൈ നാലിന് വരുകയും കോവിഡ് പോസറ്റീവ് ആയ എന്നെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയുകയും ചെയ്തു.
ഈ സന്ദര്‍ഭത്തില്‍, ഞാനുമായി ഇടപഴകിയ വീട്ടുകാരോടും കൂട്ടുകാരോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ഞാന്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു’ ജൂലൈ 21 ന് കോവിഡ് രോഗവിമുക്തനായ ഉമ്മര്‍ ഫറൂഖ് പറയുന്നു. ഈ കരുതല്‍ തന്നെയാണ് ഉമ്മര്‍ ഫറൂഖില്‍ നിന്നും രോഗം വീട്ടുകാരിലേക്കും കൂട്ടുകാരിലേക്കും പകരാതെ തടഞ്ഞതും.
‘നമ്മളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരാതെ തടയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എനിക്ക് രോഗം സ്ഥിരീകരിച്ചയുടനെ,ഞാനുമായി ഇടപഴകിയ മുഴുവന്‍ പേരുടെയും ഞാന്‍ പോയ മുഴുവന്‍ സ്ഥലങ്ങളുടെയും വിശദാംശങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.രോഗംസ്ഥിരീകരിച്ചാല്‍ നമ്മള്‍ എന്തിന് നമ്മുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മടിക്കണം’ 24 കാരനായ ഉമ്മര്‍ ഫറൂഖ് ചോദിക്കുന്നു.
ഭൂമിയിലെ മാലാഖമാര്‍ എന്ന് ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും കുറിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.അത് 100 ശതമാനം സത്യമാണെന്ന് തെളിയിച്ചതാണ് കോവിഡ് സ്ഥിരീകരിച്ച് ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിനങ്ങള്‍.ചെറിയ ശാരീരിക അസ്വസ്ഥ പ്രകടിപ്പിക്കുമ്പോഴും, ഡോക്ടര്‍മാരും നേഴ്‌സുമാരും റൂമിലേക്ക് ഓടിയെത്തും. മാനസിക സമ്മര്‍ദ്ധം അനുഭവപ്പെടാതിരിക്കാന്‍ അവര്‍ നല്ല പിന്തുണ നല്‍കിയെന്ന് ഉമ്മര്‍ പറയുന്നു.
ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിനങ്ങളിലെ ഉമ്മര്‍ ഫാറൂഖിന്റെ കൂട്ട് പുസ്തകങ്ങളായിരുന്നു.അജയ് കെ പാണ്‌ഡെ എഴുതിയ പുസ്തകമായ ‘ആന്‍ അണ്‍എക്‌സ്‌പെറ്റഡ് ഗിഫ്റ്റ്’ ഈ കാലയളവില്‍ വായിച്ചു തീര്‍ത്തു.ചേതന്‍ ഭഗത് ആണ് ഉമ്മര്‍ ഫാറൂഖിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍. ചേതന്‍ ഭഗതിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും വായിച്ചുട്ടുണ്ടെന്ന് ഉമ്മര്‍ പറയുന്നു.വായനയും കോവിഡ് കാലത്തെ സമ്മര്‍ദ്ധത്തെ അതിജീവിക്കാന്‍ സഹായിച്ചു .ബന്തിയോട് അട്ക്ക സ്വദേശിയായ ഉമ്മര്‍ ഫറൂഖ് സിടി സ്‌കാന്‍ ടെക്‌നോളജിസ്റ്റ് ആണ്.
Post Your Comments