ചെന്നൈ: പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ കോവിഡ് മരണങ്ങളില്‍ കണക്കില്‍പ്പെടുത്താന്‍ വിട്ടുപോയ 444 മരണം കൂടി ഔദ്യോഗിക രേഖയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് ബാധിച്ച് മരിച്ചതെന്ന് സംശയിക്കുന്ന എല്ലാ മരണങ്ങളും പരിശോധിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഒമ്പതംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മരണങ്ങള്‍ ഔദ്യോഗിക രേഖയില്‍ ഉള്‍പ്പെടുത്തിയത്.
ഇതോടെ തമിഴ്‌നാട്ടിലെ കോവിഡ് മരണസംഖ്യ കുത്തനെ ഉയര്‍ന്നു. സംസ്ഥാനത്തെ ആകെ മരണങ്ങള്‍ 3144 ആയി ഉയര്‍ന്നു. 74 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടൊപ്പം നേരത്തെ കണക്കില്‍ ഉള്‍പ്പെടുത്താത്ത 444 മരണങ്ങള്‍ കൂടി സര്‍ക്കാര്‍ ഇന്ന് കോവിഡ് കണക്കില്‍ ചേര്‍ക്കുകയായിരുന്നു. ഇതോടെ 5,849 പുതിയ കോവിഡ് -19 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്തെ സ്വകാര്യാശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വരുത്തിയ പിഴവാണ് ചെന്നൈയില്‍ 444 മരണം കണക്കില്‍പ്പെടാതെ പോകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് നിയമിച്ച പ്രത്യേക സമിതിയുടെ കണ്ടെത്തല്‍. 102 സര്‍ക്കാര്‍ ആശുപത്രികളിലും ചെന്നൈയിലെ ശ്മശാന സ്ഥലങ്ങളിലുമുള്ള മരണങ്ങള്‍ ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പഠിച്ചതായും സംസ്ഥാനത്തെ ഔദ്യോഗിക മരണസംഖ്യയില്‍ ഇത് കണക്കാക്കുന്നുവെന്നും പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് വിശദീകരിച്ച് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ പറഞ്ഞു.
74 മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ചെന്നൈയുടെ മരണനിരക്ക് 2.1 ശതമാനമായും സംസ്ഥാനത്തിന്റെ മരണനിരക്ക് 1.6 ശതമാനമായും ഉയര്‍ന്നു. തമിഴ്നാടിലെ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ 1,86,492 ആണ്.
Post Your Comments