COVID 19Latest NewsKerala

മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് സമ്പര്‍ക്കം വഴി ഇതുവരെ 45 പേര്‍ക്ക് രോഗം : നിയന്ത്രണം കര്‍ശനമാക്കി

ചങ്ങനാശേരി • ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റില്‍ സമ്പര്‍ക്കം മുഖേനയുള്ള കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ വിപുലമായ പരിശോധനയില്‍ ഇതുവരെ 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ പത്തനംതിട്ട ജില്ലയില്‍നിന്നുള്ളവരാണ്. ജൂലൈ 18നാണ് മാര്‍ക്കറ്റില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ജൂലൈ 19 മുതല്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ ആരംഭിച്ചു. 19ന് നാലുപേര്‍ക്കും തിങ്കളാഴ്ച്ച 22 പേര്‍ക്കും ഇന്നലെ(ചൊവ്വ) 16 പേര്‍ക്കുമാണ് ഇവിടെ രോഗബാധ കണ്ടെത്തിയത്. മത്സ്യ മാര്‍ക്കറ്റിലും പച്ചക്കറി മാര്‍ക്കറ്റിലുമായി ആകെ 532 പേരെയാണ് ഇതുവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്.

ചങ്ങനാശേരി മാര്‍ക്കറ്റ് മേഖല കോവിഡ് ക്ലസ്റ്ററായി പരിഗണിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയില്‍ പൊതുവെയും നിയന്ത്രണങ്ങളുണ്ട്. മുനിസിപ്പല്‍ മേഖലയില്‍ അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങുന്നതിനും അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം ചേരുന്നതും നിരോധിച്ചു.

വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. രണ്ടു മണിക്കു ശേഷം രാത്രി എട്ടു മണി വരെ ഹോട്ടലുകളില്‍ ഭക്ഷണ പാഴ്‌സലുകള്‍ വില്‍ക്കാം. എല്ലാ വാര്‍ഡുകളിലും ആരോഗ്യ വകുപ്പിന്റെ സെന്റിനല്‍ സര്‍വൈലന്‍സ് ശക്തമാക്കും. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി ബോധവത്കരണം സജീവമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button