കൊച്ചി : സ്വര്‍ണക്കടത്തിന്റെ ബുദ്ധി കേന്ദ്രം ഫൈസല്‍ ഫരീദ് , ഡമ്മി ബാഗ് എന്ന ആശയം കൊണ്ടുവന്നത് ഫൈസലാണെന്ന ചില നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. യു.എ.ഇ.യില്‍ അറസ്റ്റിലായശേഷം നടന്ന പ്രാഥമിക ചോദ്യംചെയ്യലില്‍ ദുബായ് പോലീസിനോടും ഇക്കാര്യം ഫൈസല്‍ സമ്മതിച്ചതായാണു സൂചന. ഫൈസലിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നതോടെ ഇതില്‍ വ്യക്തതവരും.
കഴിഞ്ഞവര്‍ഷം ജൂണിലാണ് ഫൈസലും സംഘവും ഡമ്മി ബാഗ് പരീക്ഷണം തുടങ്ങിയത്. നയതന്ത്ര ബാഗേജിനൊപ്പം അയച്ച ഈ ഡമ്മി ബാഗുകള്‍ പിടിക്കപ്പെടാതായതോടെ സ്വര്‍ണം ഒളിപ്പിച്ച് ഇത്തരം ബാഗുകള്‍ അയക്കാന്‍ തുടങ്ങി. 20-ലേറെ തവണയായി 230 കിലോ സ്വര്‍ണമാണ് ഇത്തരത്തില്‍ ഫൈസല്‍ ദുബായില്‍നിന്ന് കേരളത്തിലേക്കു കടത്തിയതെന്നാണ് അറിയുന്നത്.
നയതന്ത്ര ബാഗേജുകളുടെ ക്ലിയറന്‍സില്‍ പരിചയസമ്പന്നരായ സ്വപ്നയെയും സരിത്തിനെയും സ്വര്‍ണക്കടത്തിന് ഉപയോഗിക്കുമ്പോഴും അതീവ ശ്രദ്ധയിലായിരുന്നു ഫൈസലെന്നാണ് എന്‍.ഐ.എ.ക്കു ലഭിച്ച വിവരം. നയതന്ത്ര ബാഗേജിന്റെ മറവിലുള്ള കടത്തിനുമുമ്പ് കൃത്യമായ മുന്നൊരുക്കംവേണമെന്ന കണക്കുകൂട്ടലിലാണ് ഫൈസല്‍ ഡമ്മി ബാഗ് പരീക്ഷിച്ചത്. വിമാനത്താവളങ്ങളിലെ സ്കാനറില്‍ പിടിക്കപ്പെടാത്തവിധം യു.എ.ഇ.യുടെ വ്യാജമുദ്രയും സ്റ്റിക്കറും നിര്‍മിച്ച ഫൈസല്‍ ഇതെല്ലാം ഡമ്മി ബാഗുകളില്‍ രേഖപ്പെടുത്തിയിരുന്നു. വ്യാജമുദ്രയുള്ള ഡമ്മി ബാഗ് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിനു പുറത്തെത്തിക്കാന്‍ കഴിഞ്ഞതോടെ ഫൈസലിനും സംഘത്തിനും ആത്മവിശ്വാസം ഏറുകയായിരുന്നു.
പരീക്ഷണം വിജയിച്ചതോടെ ചെറിയതോതില്‍ സ്വര്‍ണം ഒളിപ്പിച്ചാണ് സംഘം ആദ്യം കടത്തിയത്. ഓരോ തവണയും വ്യാജമുദ്ര ഉപയോഗിച്ചുള്ള ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞതോടെ കടത്തലിന്റെ തോതും കൂടി. 30 കിലോ സ്വര്‍ണവുമായി സ്വപ്നയും സരിത്തും പിടിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് ജൂണില്‍ രണ്ടുതവണയായി ഒമ്പതു കിലോയും 18 കിലോയും കടത്തിയതായും എന്‍.ഐ.എ. കണ്ടെത്തി.
Post Your Comments