തിരുവനന്തപുരം : മാസങ്ങള്‍ക്കു മുമ്പെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് എതിരെ വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് മൗനം. സ്വപ്നയുടെ ഇടപാടുകളും മുഖ്യമന്ത്രിയുടെ പരിപാടികളിലെ പതിവു സാന്നിധ്യവുമൊക്കെ ചൂണ്ടിക്കാട്ടിയാണ് താഴെത്തട്ടില്‍ നിന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കിട്ടിയില്ലെന്ന മട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശമാണ് പൊലീസ് തലപ്പത്തു ചര്‍ച്ചയാകുന്നത്.
ഫെബ്രുവരിയില്‍ തന്നെ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോണ്‍സുലേറ്റ് വാഹനത്തില്‍ സ്വപ്ന വരുന്നതും ഐടി വകുപ്പിന്റെ പരിപാടികളിലെ സാന്നിധ്യവുമൊക്കെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നാണു വിവരം. മാത്രമല്ല, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ സ്വപ്നയുടെ ഫ്‌ലാറ്റില്‍ പതിവായി പോകുന്ന വിവരവും ‘ഫീല്‍ഡില്‍’ നിന്നു ലഭിച്ചിരുന്നുവെന്നാണ് ഇന്റലിജന്‍സിലെ ഉയര്‍ന്ന ഓഫിസര്‍മാര്‍ പറയുന്നത്.
സ്വപ്ന സുരേഷ് അധികാര സ്വരത്തില്‍ പൊലീസുകാരോട് പെരുമാറുന്ന വിവരവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ചടങ്ങില്‍ ഔദ്യോഗികമായല്ലാതെ അടുത്തിടപഴകുന്നവരെ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പതിവാണ്. ഇത്തരക്കാര്‍ പതിവായ സാന്നിധ്യമാകുമ്പോള്‍ അന്വേഷിക്കാറുമുണ്ട്.
Post Your Comments