തിരുവനന്തപുരം • പാലത്തായി പീഡനക്കേസില്‍ പ്രതി പദ്മരാജനെതിരെ പോക്സോ ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ പോലീസ് നടത്തിയത് നാണം കെട്ട നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
പോക്സോ ചുമത്താതെ പോലീസ് സമർപ്പിച്ച ഭാഗിക കുറ്റപത്രം മൂലം അദ്ധ്യാപകനായ പ്രതി പത്മരാജൻ ജാമ്യത്തിലിറങ്ങി. രണ്ടുമാസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കുട്ടിയെ പ്രതി മറ്റൊരാൾക്ക് കൈമാറി എന്ന കുട്ടിയുടെ അമ്മയുടെ പരാതിയിൽ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടില്ല. ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ സ്വന്തം മണ്ഡലത്തിലാണ് ഈ നീതിനിഷേധം നടക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കാണും എന്നൊക്കയാണ് ഉത്തരവാദപ്പെട്ട മന്ത്രി മാധ്യമങ്ങളോട് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
ഇതിനു പുറമെ പോക്സോ ചുമത്താതിരിക്കുന്നതിനു ന്യായീകരണവുമായി അന്വേഷണ ഉദ്യോഗസ്ഥന്റെ ഒരു ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. BJP നേതാവായ പ്രതിയെ രക്ഷിക്കാൻ മാത്രമല്ല ന്യായീകരിക്കാനും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്‌ഥർക്ക് അവസരം കൊടുക്കുന്നു. CPM-BJP അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഈ കേസ്.
തെളിവുകളും മൊഴികളും രേഖപെടുത്താത്തത് വഴി മറ്റൊരു വാളയാർ ദുരന്തത്തിന് ഒന്നിച്ച് വഴിയൊരുക്കുകയാണിവർ. പാലത്തായിയിലെ പെൺകുട്ടിക്ക് നീതി ലഭിക്കാൻ കേരളം ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Post Your Comments