KeralaLatest NewsIndia

ഫൈസല്‍ ഫരീദിന്‍റെ തൃശ്ശൂര്‍ കയ്‌പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്, നിര്‍ണ്ണായക രേഖകള്‍ കണ്ടെത്തി

വീട്ടിനടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തൃശ്ശൂര്‍: സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ തൃശ്ശൂര്‍ കയ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. നാല് മണിക്കൂര്‍ നീണ്ടു നിന്ന പരിശോധന പരിശോധനയില്‍ നിര്‍ണ്ണായക രേഖകള്‍ കണ്ടെത്തിയെന്നാണ് വിവരം. സ്വര്‍ണ്ണകടത്ത് കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. നേരത്തെ ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വീട്ടിനടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കസ്റ്റംസ് സംഘം എത്തുമ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കള്‍ വീടിന്റെ താക്കോല്‍ നല്‍കിയതോടെ തുറന്ന് പരിശോധിക്കാനുള്ള അവസരമൊരുങ്ങി. കഴിഞ്ഞ ഒന്നര വര്‍ഷമായി ഫൈസല്‍ ഫരീദ് ഈ വീട്ടിലേക്ക് വന്നിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മാതാപിതാക്കള്‍ നേരത്തെ ഇവിടെ താമസിച്ചിരുന്നു.യുഎഇ ഫൈസല്‍ ഫരീദിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

വിദേശകാര്യമന്ത്രാലയവും അന്വേഷണ ഏജന്‍സികളും യുഎഇ യുമായി നിരന്തരം സമ്പര്‍ക്കത്തിലാണ്. ഉടന്‍ തന്നെ ഫൈസല്‍ ഫരീദിനെ പിടികൂടി ഇന്ത്യയില്‍ എത്തിക്കുമെന്നാണ് വിവരം. അതേസമയം ഫൈസല്‍ ഫരീദ് യുഎഇയിലെ താമസ സ്ഥലത്ത് നിന്ന് മുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നയതന്ത്ര ബാഗേജ് എന്ന പേരില്‍ സ്വര്‍ണ്ണം അയച്ചത് ഫൈസല്‍ ഫരീദ് ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.രണ്ട് നില വീട് കസ്റ്റംസ് മുഴുവനായി പരിശോധിച്ചു. നേരത്തെ ഫൈസലിനെ നാട്ടിലെത്തിച്ച ശേഷം പരിശോധന നടത്താമെന്നായിരുന്നു തീരുമാനം.

ഫൈസലിന്റെ പിതാവ് കൊവിഡ് ബാധിച്ച്‌ മരിച്ചത് ഒന്നര മാസം മുന്‍പാണ്. കസ്റ്റംസ് ഈ രണ്ടുനില വീട് പൂട്ടി സീല്‍ വെക്കും. അതേസമയം കേസിലെ ഒന്നാം പ്രതി സരിത്തിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. കസ്റ്റംസിന്‍റെ കെെവശമുള്ള പ്രതിയുടെ കസ്റ്റഡിക്കായി എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് സരിത്തിനെ കോടതിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button