ടീമിന്റെ കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജോഫ്ര ആര്‍ച്ചറിനെ ഇംഗ്ലണ്ട് പുറത്താക്കി. എമിറേറ്റ്‌സ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നാണ് ജോഫ്ര ആര്‍ച്ചറിനെ ഇംഗ്ലണ്ട് പുറത്താക്കിയത്. മാഞ്ചസ്റ്ററില്‍ ടെസ്റ്റ് മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് താരത്തെ പുറത്താക്കിയതായി ടീം മാനേജ്‌മെന്റ് അറിയിച്ചത്.
ബുധനാഴ്ച ഇംഗ്ലണ്ടിലെ 13 അംഗ ടീമില്‍ ആര്‍ച്ചറിനെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ടെസ്റ്റ് തുടങ്ങാനിരിക്കെ രാവിലെ 8 മണിക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തെ ഒഴിവാക്കി ഐസലേഷന് വിധേയനാക്കി എന്ന് പ്രസ്താവനയിലൂടെ പറഞ്ഞു. കളിക്കാര്‍ക്കു കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുമെടുത്ത് ക്രമീകരിച്ച പ്രത്യേക മേഖലയാണ് ആര്‍ച്ചര്‍ ലംഘിച്ചത്. നിയന്ത്രണങ്ങള്‍ ലംഘിച്ച ആര്‍ച്ചറിനെ അഞ്ച് ദിവസത്തേക്ക് ഐസലേഷനിലേക്ക് മാറ്റും. ഈ കാലയളവില്‍ രണ്ടു തവണ കോവിഡ് 19 പരിശോധനയ്ക്കും വിധേയനാക്കും. രണ്ട് പരിശോധനയിലും ഫലം നെഗറ്റീവായാല്‍ മാത്രം ഐസലേഷനില്‍നിന്ന് പുറത്തു വരാമെന്നാണ് അറിയിപ്പ്
അഗാസ് ബൗളിനും എമിറേറ്റ്‌സ് ഓള്‍ഡ് ട്രാഫോര്‍ഡിനുമിടയിലാണ് യാത്ര ചെയ്യുന്നതിനിടയിലാണ് ആര്‍ച്ചറിന്റെ ലംഘനം നടന്നതെന്ന് ഒരു ഇസിബി വക്താവ് സ്ഥിരീകരിച്ചു, പിന്നീട് ബ്രൈട്ടണിലെ തന്റെ ഫ്‌ലാറ്റിലേക്കുള്ള യാത്രാമധ്യേ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതായി വ്യക്തമാക്കി, ഇത് സ്‌ക്വാഡ് പ്രഖ്യാപിച്ചതിനുശേഷം മാത്രമാണ് പുറത്തുവന്നത്. കളിക്കാര്‍ക്കും സ്റ്റാഫുകള്‍ക്കും പരമ്പരയിലുടനീളം അവരുടെ അക്രഡിറ്റേഷനില്‍ ജിപിഎസ് ട്രാക്കിംഗ് ഉപകരണം ധരിച്ചിട്ടുണ്ട്, എന്നാലും ഇവ വേദികളില്‍ മാത്രമേ സജീവമാകൂ. സതാംപ്ടണില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് കളിക്കാര്‍ വ്യക്തിപരമായി യാത്ര ചെയ്തു. എന്നും ഇസിബി വ്യക്തമാക്കി.
അതേസമയം പുറത്താക്കിയതിന് പിന്നാലെ ആര്‍ച്ചര്‍ ആരാധകരോട് മാപ്പ് പറഞ്ഞു ‘ഞാന്‍ ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു ‘ഞാന്‍ എന്നെ മാത്രമല്ല, മുഴുവന്‍ ടീമിനെയും മാനേജുമെന്റിനെയും അപകടത്തിലാക്കി. എന്റെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ ഞാന്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നു, ബയോ സെക്യുര്‍ ബബിളിനുള്ളിലുള്ള എല്ലാവരോടും ഒരിക്കല്‍ക്കൂടി ആത്മാര്‍ത്ഥമായി മാപ്പു ചോദിക്കുന്നു.’ ആര്‍ച്ചര്‍ പറഞ്ഞു.
മാഞ്ചസ്റ്റര്‍ ടെസ്റ്റ് നഷ്ടമാകുന്നതില്‍ വേദനയുണ്ട്. പ്രത്യേകിച്ച് ടീം ഒരു ടെസ്റ്റ് തോറ്റുനില്‍ക്കുമ്പോള്‍. രണ്ട് ടീമുകളുടേയും ആത്മവിശ്വാസം തകര്‍ക്കുന്ന കാര്യമാണ് ഞാന്‍ ചെയ്തതെന്ന് തിരിച്ചറിയുന്നു. ഒരിക്കല്‍കൂടി എല്ലാവരോടും മാപ്പ്. ആര്‍ച്ചര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇംഗ്ലണ്ട് ടീം ആരെയും പുതുതായി അവരുടെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ സാം കുറാന്‍, ഒല്ലി റോബിന്‍സണ്‍, ക്രിസ് വോക്‌സ് എന്നിവരില്‍ നിന്ന് ആരെങ്കിലും ഒരാള്‍ ആയിരിക്കും ആര്‍ച്ചറിന് പകരം കളത്തിലിറങ്ങുക. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ വിക്കറ്റില്ലാതെ പോയ ആര്‍ച്ചര്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനായി ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് നടത്തിയത്. 17 ഓവറില്‍ 45 റണ്‍സ് വിട്ട് കൊടുത്ത് 3 വിക്കറ്റ് നേടി.
Post Your Comments