തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ദില്‍ഷയ്ക്ക് ത്രിവത്സര എല്‍.എല്‍.ബി. പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് നെഹ്‌റു അക്കാഡമി ഓഫ് ലോ കോളേജിലെ വിദ്യാര്‍ത്ഥിയായ ദില്‍ഷയുടെ പഠനം പ്രതിസന്ധിഘട്ടത്തിലായ സമയത്താണ് സര്‍ക്കാര്‍ ഇടപെട്ടത്. പഠനം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ 2,42,595 രൂപയാണ് ആകെ അനുവദിച്ചത്. നേരത്തെ സ്‌കോളര്‍ഷിപ്പായി അനുവദിച്ച 20,000 രൂപ കൂടാതെയാണ് ഇപ്പോള്‍ 2,22,595 രൂപ കൂടി അനുവദിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ ക്ഷേമത്തിനായി വകയിരുത്തിയ 450 ലക്ഷം രൂപയില്‍ നിന്നാണ് ഈ തുക അനുവദിക്കുന്നത്. ദില്‍ഷയുടെ വക്കീലാകണമെന്ന ആഗ്രഹം ഇതിലൂടെ സാക്ഷാത്ക്കരിക്കുന്നതാണ്. ദില്‍ഷയ്ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നതായും മന്ത്രി വ്യക്തമാക്കി.
പാലക്കാട് നെഹ്‌റു അക്കാഡമി ഓഫ് ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് കൊല്ലം കൊട്ടാരക്കര സ്വദേശിയായ ദില്‍ഷ. ഏറെ സാമ്പത്തിക പരാധീനതകളുള്ള വീട്ടിലാണ് ജനിച്ചത്. അച്ഛന്‍ പിണങ്ങിപ്പോയതിനാല്‍ അമ്മ വീട്ട് ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തിയത്. ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് സ്വന്തം ഐഡന്റിറ്റി മനസിലാക്കി പെണ്‍കുട്ടിയാകാന്‍ തീരുമാനിച്ചത്. ഇതറിഞ്ഞ് വീട്ടുകാര്‍ ഉള്‍പ്പെടെ പലര്‍ക്കും വിരോധമായി. പലരും കുറ്റപ്പെടുത്തുകയും ചെയ്തു. പഠിക്കണമെന്ന അതിയായ മോഹം ഉണ്ടായിരുന്നെങ്കിലും വീട്ടുകാര്‍ സഹായിച്ചില്ല. അപ്പോഴാണ് സര്‍ക്കാര്‍ സഹായകമായത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളോടുള്ള അവഗണനയ്‌ക്കെതിരെ പോരാടാനായാണ് വക്കീലാകാനുള്ള മോഹം ഉദിച്ചതെന്ന് ദില്‍ഷ പറഞ്ഞു. 2018ല്‍ എല്‍.എല്‍.ബി. എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിരുന്നെങ്കിലും വീട്ടില്‍ പത്രം പോലുമില്ലാത്തതിനാല്‍ ഓപ്ഷന്‍ നല്‍കാന്‍ വിട്ടുപോയി. അങ്ങനെയാണ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ കാണുന്നത്. വലിയ പ്രചോദനമാണ് ടീച്ചര്‍ നല്‍കിയത്. ഷേക്കാന്‍ഡ് തന്നിട്ട് ദില്‍ഷന്റെ മോഹം നടക്കുമെന്നും പഠിച്ച് വക്കീല്‍ കോട്ടിട്ട് വരണമെന്നും ടീച്ചര്‍ പറഞ്ഞു. അഡ്മിഷനായി സാമൂഹ്യനീതിവകുപ്പ് സ്‌പെഷ്യല്‍ ഓര്‍ഡര്‍ ഇറക്കിയിട്ടും അത് നടന്നില്ല. പിന്നീടാണ് പാലക്കാട് നെഹ്‌റു അക്കാഡമി ഓഫ് ലോ കോളേജിലെത്തുന്നത്. 10,000 രൂപ കൊണ്ട് അഡ്മിഷന്‍ നേടിയെങ്കിലും ഫീസടയ്ക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതിനിടയ്ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ ആണന്നറിഞ്ഞതിന്റെ ബുദ്ധിമുട്ടുകളുമുണ്ടായി. ഇതറിഞ്ഞാണ് മന്ത്രിയിടപെട്ട് കോഴ്‌സിനുള്ള തുകയനുവദിച്ചത്. അമ്മയേയും സഹോദരിയേയും നോക്കുകയാണ് തന്റെ ലക്ഷ്യം. തനിക്ക് പഠിക്കാനായി അവസരമൊരുക്കിയ മന്ത്രിക്കും സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ് എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും ദില്‍ഷ പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇവരുടെ ഉന്നമനത്തിനായി മഴവില്ല് എന്ന സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ പഠനത്തിനും പരിശീലനത്തിനും ജോലിക്കും താമസത്തിനുമായുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും ഇന്ത്യയില്‍ തന്നെ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുമായ ആദം ഹാരിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സാമൂഹ്യനീതി വകുപ്പ് സഹായം നല്‍കിയിരുന്നു. പൈലറ്റ് പഠനം പൂര്‍ത്തിയാക്കാനായി 25 ലക്ഷം രൂപയാണ് സാമൂഹ്യനീതി വകുപ്പ് അനുവദിച്ചത്.
Post Your Comments