തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസി. കമീഷണര്‍ കെ രാമമൂര്‍ത്തിയുടെ നേത്യത്വത്തിലുളള സംഘം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ വീട്ടിലെത്തി. മൊഴിയെടുക്കാന്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായാണ് വിവരം. പൂജപ്പുരയിലെ വസതിയിലാണ് മൂന്നംഗ ഉദ്യോഗസ്ഥ സംഘമെത്തിയത്. ഡിആര്‍ഐ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
അതേ സമയം സ്വര്‍ണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലായ പിആര്‍ സരിത്തിന്റേയും സ്വപ്ന സുരേഷിന്റെ കോള്‍ ലിസ്റ്റില്‍ സര്‍ക്കാരിലെ പല പ്രമുഖരേയും ഇരുവരും ഫോണില്‍ ബന്ധപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. പിആര്‍ സരിത്തും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം.ശിവശങ്കറുമായി പലവട്ടം സംസാരിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ – പ്രവാസികാര്യമന്ത്രി കെടി ജലീലിനെ സ്വപ്ന സുരേഷ് പലതവണ ബന്ധപ്പെട്ടതായും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുമായും സരിത്തും സ്വപ്ന സുരേഷും തമ്മില്‍ നിരന്തരം സംസാരിച്ചതായും കോള്‍ ലിസ്റ്റില്‍ വ്യക്തമാണ്.
അതേസമയം യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ സ്വപ്ന സുരേഷുമായി സംസാരിച്ചതെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. തന്റെ വാദത്തിന് ബലമേക്കാന്‍ യുഎഇ കോണ്‍സുലര്‍ ജനറലുമായി നടത്തിയ എസ്എംഎസ് ചാറ്റിന്റെ വിശദാംശങ്ങളും മന്ത്രി പങ്കുവച്ചു. റംസാന്‍ കാലത്ത് യുഎഇ കോണ്‍സുലേറ്റില്‍ നിന്നും തീരപ്രദേശത്തേയും മറ്റും നിര്‍ധന കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇക്കുറി കോവിഡ് ഭീതി കാരണം കിറ്റ് വിതരണം മുടങ്ങിയെന്നും ഇതുമായി ബന്ധപ്പെട്ട് താനും യുഎഇ കോണ്‍സുലേറ്റ് ജനറലുമായി സംസാരിച്ചെന്നും തുടര്‍ന്ന് അദ്ദേഹം നിര്‍ദേശിച്ച പ്രകാരമാണ് സ്വപ്നയെ താന്‍ ബന്ധപ്പെട്ടതെന്നും മന്ത്രി പറയുന്നു. മന്ത്രി ജലീലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നാസറും സ്വപ്നയെ ബന്ധപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്.
Post Your Comments