KeralaLatest NewsNews

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ വീണ്ടും ജനശ്രദ്ധയാകര്‍ഷിയ്ക്കുന്നു

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയിലെ രഹസ്യങ്ങള്‍ ഇന്നും അജ്ഞാതമാണ്. രഹസ്യ നിലവറയായി കരുതുന്ന ബി തുറക്കണോ എന്ന് ഭരണ സമിതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. എ നിലവറയിലുള്ളതിനേക്കാള്‍ സ്വത്തുകള്‍ ബി നിലവറയിലുണ്ടെന്നാണ് കരുതുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളെ കുറിച്ച് വീണ്ടും ചര്‍ച്ചയാകുന്നു

read also : ശ്രീപത്മനാഭസ്വാമി ക്ഷേത്ര വിധി നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നു: പന്തളം കൊട്ടാരം

നിലവറകള്‍ ആറെണ്ണം. ഭഗവാന്‍ ശ്രീ പത്മനാഭന്റെ പ്രതിഷ്ഠയ്ക്ക് ചുറ്റുമാണ് നിലവറകള്‍. എ നിലവറയില്‍ നിന്നാണ് 90,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെടുത്തത്. ബി നിലവറ തുറക്കാനായിട്ടില്ല. മറ്റു നിലവറകള്‍ 2011ല്‍ തുറന്നു.

ഒന്നാം നിലവറ: ഒറ്റക്കല്‍ മണ്ഡപത്തിന്റെ ഇരുവശങ്ങളിലുമായി രണ്ടെണ്ണമുണ്ട്. ശ്രീകോവിലിന്റെ അകച്ചുറ്റില്‍ ഗര്‍ഭഗൃഹത്തിനു പുറത്ത് ഒറ്റക്കല്‍ മണ്ഡപത്തിന്റെ ഇടത്ത് ശ്രീ പത്മനാഭന്റെ ശിരസിന്റെ ഭാഗത്ത്, ആദികൃഷ്ണ വിഗ്രഹം കിടത്തിയിരിക്കുന്ന തൊട്ടില്‍ സ്ഥാപിച്ചിരിക്കുന്ന തിട്ടയിലാണ് ഇത്. (നിലവറ – ഇ)

രണ്ടാം നിലവറ: ഒറ്റക്കല്‍ മണ്ഡപത്തില്‍ നിന്നിറങ്ങുമ്പോള്‍ പടവുകള്‍ക്കപ്പുറം പത്മനാഭ പാദത്തിന്റെ ഭാഗത്തു വിശ്വസേനന്റെ പ്രതിഷ്ഠയ്ക്കടുത്തു രണ്ടാമത്തെ നിലവറ (എഫ്)

മൂന്നും നാലും നിലവറ: മൂന്നാമത്തെയും നാലാമത്തെയും നിലവറകള്‍ തെക്കേടത്ത് നരസിംഹമൂര്‍ത്തിയെ തൊഴുത് പുറംചുറ്റ് ചുറ്റി വടക്കുപടിഞ്ഞാറ് ഭാഗത്ത് വ്യാസക്കോണില്‍ വ്യാസമുനിയുടെ പ്രതിഷ്ഠയ്ക്ക് അപ്പുറവും ഇപ്പുറവും (സി ആന്‍ഡ് ഡി)

അഞ്ചും ആറും നിലവറ (ഒന്നര നൂറ്റാണ്ടായി തുറക്കാത്തവ): അഞ്ചാമത്തേതും ആറാമത്തേതും ഒരു നൂറ്റാണ്ടിലേറെയായി തുറക്കാത്തതെന്നു കരുതുന്ന നിലവറകളാണ്. തെക്കുപുറംചുറ്റ് ചുറ്റി തെക്കുപടിഞ്ഞാറ് ഭരതക്കോണില്‍ ഒന്ന് വടക്കോട്ടും ഒന്ന് കിഴക്കോട്ടും തുറക്കുന്ന കവാടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. അനന്തശയനം ചുമര്‍ചിത്രത്തില്‍ പത്മനാഭന്റെ ശിരസിന്റെ ഭാഗത്തെ തിട്ടയിലാണ് ഇവ. (എ ആന്‍ഡ് ബി).

ഒറ്റക്കല്‍ മണ്ഡപത്തിന്റെ രണ്ടു വശങ്ങളിലുള്ള നിലവറകളില്‍ ദൈനംദിന പൂജയ്ക്കുള്ള ആഭരണങ്ങളും ഉപകരണങ്ങളുമാണെന്ന് അധികൃതര്‍. മീനം, തുലാം ഉത്സവങ്ങള്‍, മുറജപം, ലക്ഷദീപം, കളഭം തുടങ്ങിയ വിശേഷാല്‍ പൂജകള്‍ക്കും എഴുന്നള്ളത്തിനും ചാര്‍ത്താനും അനുഷ്ഠാനങ്ങള്‍ക്കുമുള്ള ആഭരണങ്ങളും സാമഗ്രികളുമാണ് വ്യാസക്കോണിലെ നിലവറകളിലുള്ളത്.

shortlink

Post Your Comments


Back to top button