തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ മലപ്പുറത്ത് കസ്റ്റംസിന്‍റെ പിടിയിലായ പെരിന്തല്‍മണ്ണ സ്വദേശി റമീസിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. റമീസ് നിരവധി കേസുകളിലെ പ്രതിയാണ്. ഷാര്‍പ്പ് ഷൂട്ടറായ റമീസ് മണ്ണാര്‍ക്കാട് വനമേഖലയില്‍ അടക്കം മൃഗവേട്ട നടത്തിയതിന്‍റെ പേരില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. 2014 ല്‍ രണ്ട് മാനുകളെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണ് റമീസ്. പാലക്കാട് വാളയാര്‍ സ്റ്റേഷനിലാണ് കേസ്.
നാട്ടില്‍ വലിയ സൗഹൃദങ്ങള്‍ ഇല്ലാത്ത ആളാണ് റമീസെന്ന് അയല്‍വക്കക്കാരും ബന്ധുക്കളും പറയുന്നു. അയല്‍വക്കക്കാരുമായി അകലം പാലിച്ചിരുന്ന റമീസിന്‍റെ വീട്ടില്‍ പുറത്തു നിന്നുള്ള ആളുകള്‍ അര്‍ധരാത്രിയില്‍ അടക്കം വന്നുപോയിരുന്നു. പല ഇടപാടുകളും തര്‍ക്കങ്ങളില്‍ കലാശിച്ചിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നോട്ട് നിരോധനത്തിന് പിന്നാലെ തകര്‍ന്നതോടെ റമീസ് ദുരൂഹമായ ഇടപാടുകളിലേക്ക് കടക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
റമീസിനെ കസ്റ്റഡിയില്‍ എടുത്തത് സ്വര്‍ണക്കടത്ത് കേസിൽ ഇതുവരെ നടന്നതിൽ പ്രധാനപ്പെട്ട നീക്കമായാണ് കസ്റ്റംസ് വിലയിരുത്തുന്നത്. സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റമീസിനെ പിടികൂടിയത്. കൊച്ചിയിലെത്തിച്ച റമീസിനെയും സരിത്തിനെയും ചോദ്യം ചെയ്ത് വരികയാണ്.
ഞെട്ടിക്കുന്ന വിവരങ്ങൾ സ്വർണക്കടത്തുമായി ഇനിയും പുറത്ത് വരാനുണ്ടെന്ന സൂചനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നൽകുന്നത്. രാഷ്ട്രീയ നേതാവുമായി അടുത്ത ബന്ധം അടക്കമുള്ള സൂചനകളും ഈ ഘട്ടത്തിൽ പുറത്ത് വരികയാണ്. കൂടുതൽ അറസ്റ്റുകൾ വരും മണിക്കൂറുകളിൽ ഉണ്ടാകുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
Post Your Comments