പത്തനംതിട്ട : തിരുവല്ലയില്‍ വന്‍ കവര്‍ച്ച. കര്‍ട്ടന്‍ വില്‍ക്കാനെന്ന വ്യാജേനയെത്തിയ സംഘം കറ്റോട് സ്വദേശി സാബു എബ്രഹാമിന്റെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. സംഭവത്തില്‍ തിരുവല്ല പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സാബുവിന്റെ മരുമകള്‍ മാത്രമാണ് സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ വീടിന്റെ താഴത്തെ നിലയിലാണ് താമസം. വീടിന്റെ ഷെഡ്ഡില്‍ അപരിചിതനെ കണ്ട അയല്‍വാസിയായ കുട്ടി മരുമകളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒന്നാം നിലയില്‍ എത്തി. അപ്പോള്‍ ഒന്നാം നിലയിലെ ബാല്‍ക്കണിയുടെ വാതില്‍ തുറന്നു കിടക്കുന്നതാണ് ഇരുവരും കണ്ടത്. തുടര്‍ന്ന് അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടമായ വിവരം അറിഞ്ഞത്. 35 പവന്റെ സ്വര്‍ണമാണ് നഷ്ടമായത്.
ഉച്ചയ്ക്ക് അയല്‍വാസിയുടെ വീട്ടില്‍ കര്‍ട്ടന്‍ വില്‍ക്കാന്‍ ഒരു സംഘം എത്തിയിരുന്നു. ഇവരാണ് മോഷണം നടത്തിയതെന്നാണ് സൂചന. വീടിന്റെ മതില്‍ വഴിയാണ് മോഷ്ടാക്കള്‍ സാബുവിന്റെ വീട്ടിനകത്തേക്ക് കടന്നിരിക്കുന്നത്. പ്രതികള്‍ക്കായി പോലീസ് അയല്‍ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
Post Your Comments