2021 ൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴി തെളിച്ചത് ആഷിഖ് അബു പ്രഖ്യാപിച്ച വാരിയംകുന്നൻ എന്ന സിനിമയായിരുന്നു. സിനിമാ പ്രഖ്യാപന വേളയിൽ ആഷിഖ് അബുവിനും പൃഥ്വിരാജിനും നേരെ ഏറെ സൈബർ ആക്രമണത്തിന് ഇടയായ ചിത്രം ഈ വർഷം വീണ്ടും ചർച്ചയാവുകയായിരുന്നു. സിനിമയിൽ നിന്നും പിന്മാറുകയാണെന്ന് സംവിധായകനും താരവും വെളിപ്പെടുത്തിയതോടെ, സിനിമ വീണ്ടും രാഷ്ട്രീയ മാനം കൈവരിച്ചു.
ആഷിഖ് അബു പിന്മാറിയതിനു പിന്നാലെ സിനിമ നിർമിക്കാമെന്നേറ്റ് പലരും രംഗത്ത് വന്നു. സിനിമ താൽക്കാലികമായി നിന്നെങ്കിലും തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് പിന്നോട്ടില്ലെന്ന് തന്നെ തീരുമാനിച്ചു. അങ്ങനെ, ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന പുസ്തകം റമീസ് പുറത്തുവിട്ടു. പുസ്‍തകത്തോടൊപ്പം ആരും ഇതുവരെ കണ്ടിട്ടില്ലാത്ത വാരിയംകുന്നന്റെ ഒറിജിനൽ ചിത്രവും റമീസ് പുറത്തുവിട്ടു. ഇതോടെ, വാരിയംകുന്നൻ വീണ്ടും ചർച്ചയായി. യഥാർത്ഥ വാരിയംകുന്നൻ തന്നെയാണോ ഇതെന്ന ചോദ്യം പലയിടങ്ങളിൽ നിന്നായി ഉയർന്നു. ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടപ്പോൾ വിശദീകരണവുമായി റമീസ് നേരിട്ട് രംഗത്ത് വന്നു.
Also Read:കുട്ടികൾ ഏറ്റവുമധികം അതിക്രമങ്ങൾക്ക് ഇരയാകുന്നത് ബസ്സുകളിലാണ്: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
അതേസമയം, റമീസ് മുഹമ്മദ് കണ്ടെത്തിയ വാരിയന്‍ കുന്നന്റെ ചിത്രം വ്യാജമാണെന്ന വാദവുമായി മാധ്യമപ്രവര്‍ത്തകന്‍ മുബാറക്ക് റാവുത്തര്‍ രംഗത്ത് വന്നതാണ് ‘വാരിയംകുന്നൻ’ വിവാദത്തിലെ ഏറ്റവും അവസാനത്തെ സംഭവം. റാവുത്തറിന്റെ ആരോപണങ്ങൾക്കൊപ്പം അദ്ദേഹം പുതിയൊരു ‘വാരിയംകുന്നന്റെ’ ചിത്രവും പുറത്തുവിട്ടിരുന്നു. ഇതോടെ, നിലവിൽ മൂന്ന് വാരിയംകുന്നന്റെ മുഖമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
റമീസ് മുഹമ്മദ് ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ പുറംചട്ടയിൽ ഉള്ളതാണ് യഥാർത്ഥ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നായിരുന്നു റമീസ് അവകാശപ്പെട്ടത്. റെമീസിന്റെ പുസ്തകവും ചിത്രവും വൻ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചു. ഇതോടെ, യഥാർത്ഥ വാരിയംകുന്നൻ അറുപതിനോട് അടുത്ത് പ്രായമുള്ള ആളായിരുന്നുവെന്നും കറുത്തിരുണ്ട നിറം ആയിരുന്നുവെന്നും കാണിച്ച് സംവിധായകൻ രാമസിംഹൻ (അലി അക്ബർ) പഴയ ഒരു ചിത്രം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് റാവുത്തറിന്റെ മൂന്നാമത്തെ വാരിയംകുന്നൻ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
Also Read:സംസ്ഥാനത്ത് ഒമിക്രോണ്‍ ജാഗ്രത: ആരോഗ്യവകുപ്പിന്റെ അടിയന്തിര ഉന്നതതലയോഗം ഇന്ന്
യഥാര്‍ത്ഥത്തില്‍ റമീസും കൂട്ടരും നടത്തിയത് വാരിയന്‍ കുന്നനെ സ്നേഹിക്കുന്നവരുടെ ഇമോഷനെ ബ്ലാക്ക് മെയില്‍ ചെയ്ത് കച്ചവടം നടത്തുക എന്ന ഹിറ്റ്ലര്‍ നാസി ജര്‍മനിയില്‍ പയറ്റി വിജയിപ്പിച്ച ഫാസിസ്റ്റ് തറ വേലയാണെന്ന് മുബാറക് റാവുത്തർ ആരോപിച്ചു. ഫ്രഞ്ച് മാഗസിനില്‍ എവിടെയും വാരിയംകുന്നത്തിന്റെ പേരില്ലെന്നും കിട്ടിയ ഫോട്ടോയെ മുന്‍നിര്‍ത്തി നടത്തിയ അനുമാനങ്ങള്‍ മാത്രമാണ് ഇത് ഹാജിയാണെന്ന കണ്‍ഗ്ലൂഷനിലേക്ക് എത്തിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതോടെ, ഏറെ തിരി കൊളുത്തിയ ‘വാരിയംകുന്നൻ’ വിവാദം ഇനിയും അവസാനിച്ചിട്ടില്ലെന് വേണം അനുമാനിക്കാൻ.
Post Your Comments