തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്വർണ്ണക്കടത്ത് കേസിൽ സംശയ നിഴലിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്ത്. ശിവശങ്കറിന്റെ ശുപാർശയിൽ ഐടി വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ലിമിറ്റഡിൽ പുതുതായി രൂപീകരിച്ചത് 34 തസ്തികകൾ എന്ന് റിപ്പോർട്ട്. ഇതിൽ 16 എണ്ണം സ്ഥിരം തസ്തികകളും 18 എണ്ണം താത്കാലിക തസ്തികകളുമാണ്.
കഴിഞ്ഞ ജൂൺ 26 ന് പുതിയ തസ്തികകൾ ഐടി വകുപ്പ് സെക്രട്ടറി ഒപ്പിട്ട് അനുവാദം നൽകിയെന്നും റിപ്പോർട്ടുണ്ട്. പുതുതായി രൂപീകരിച്ച തസ്തികകൾ വഴി സർക്കാരിന് വർഷം 2 കോടി രൂപയുടെ അധിക ബാദ്ധ്യതയാണ് ഉണ്ടായത്. മാത്രമല്ല ഇനിയും കൂടുതൽ തസ്തികകൾ ആവശ്യമാണെന്നും കെ.എസ്.ഐ.ടി.എൽ ആവശ്യപ്പെട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ ഓപ്പറേഷൻ മാനേജർ പോസ്റ്റിലായിരുന്നു സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷ് എന്നാണ് ഇവരുടെ ഐഡന്റിറ്റി കാർഡിലെ വിവരങ്ങൾ. ഹൗസ്കീപ്പിംഗ് അസിസ്റ്റന്റ് മുതൽ ജനറൽ മാനേജർ വരെയുള്ള തസ്തികകളാണ് സൃഷ്ടിച്ചത്. ഇതിൽ 16500 മുതൽ 1,17,600 രൂപവരെ ശമ്പളം ലഭിക്കുന്ന തസ്തികകളുണ്ട്. പുതിയ തസ്തികകൾ ആവശ്യമില്ലെന്ന് സർക്കാരിന്റെ ഉന്നത തല സമിതി ശുപാർശ ചെയ്തത് മറികടന്നാണ് ശിവശങ്കർ നിയമനങ്ങൾക്ക് അനുവാദം നൽകിയത്.
Post Your Comments