Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് സ്വപ്നാ സുരേഷും സന്ദീപ് നായരും കേരളം വിട്ടത് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഒത്താശയോടെ ; പ്രതിപക്ഷം

തിരുവനന്തപുരം: കോവിഡ് കാലത്ത് ഇത്രയും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും സ്വപ്നയും സന്ദീപും കേരളം വിട്ടത് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഒത്താശയോടെയാണെന്ന് ആക്ഷേപം ഉന്നയിച്ച് പ്രതിപക്ഷം. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികള്‍ എങ്ങനെ കേരളം വിട്ടെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വപ്ന എങ്ങനെയാണ് ലോക്ക്ഡൗണ്‍ കാലത്ത് ബെംഗളൂരുവില്‍ എത്തിയതെന്നും ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോയെന്നും ചെന്നിത്തല ചോദിച്ചു. വിഷയത്തില്‍ എന്ത് കൊണ്ട് കേസ് എടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് എങ്ങനെ സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പാസ്സും പ്രത്യേക അനുവാദവും പരിശോധനകളുമെല്ലാം വേണ്ടപ്പോഴാണ് സ്വപ്ന അനായാസം സംസ്ഥാനം വിട്ടതെന്നും പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചതെന്നും ഇതോടെ സര്‍ക്കാര്‍ തന്നെ സ്വപ്നയ്ക്കും സന്ദീപിനും സൗകര്യങ്ങളൊരുക്കി നല്‍കി എന്നു വേണം കരുതാനെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സ്വപ്ന കുടുംബ സമേതമാണ് സന്ദീപുമായി സംസ്ഥാനം വിട്ടത്. ലോക്ക് ഡൗണ്‍ കാലത്ത് ഇത്രയേറെ പേര്‍ക്ക് സര്‍ക്കാര്‍ ഉന്നതരുടെ സംരക്ഷണയിലല്ലാതെ യാത്ര ചെയ്യാനാകില്ലെന്നും ഒളിച്ചു താമസിച്ചിരുന്നിടത്ത് നിന്ന് ടിവി ചാനലില്‍ ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങള്‍ക്കു ബോധ്യമായതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സ്വപ്ന സുരേഷും സന്ദീപ് നായരും എങ്ങനെ കേരളം വിട്ടു എന്നതിനെക്കുറിച്ച് പിണറായി വിജയം ഉത്തരം പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലത്താണ് ഇരുവരും കര്‍ണാടകയില്‍ താമസിച്ചത്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന് അടുത്തായാണ് ഇവരുടെ ഒളിയിടമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ആര്‍ക്കും വീഴ്ചയുണ്ടായില്ലെന്നായിരുന്നു മന്ത്രി ഇപി ജയരാജന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button